കേരള നിയമസഭ
കേരള പിറവി അടുക്കുന്ന സമയത്താണ് നാം എല്ലാവരും കേരളത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത്. അങ്ങിനെ വരുമ്പോൾ നമുക്ക് നമ്മുടെ കേരളത്തിലെ ഒന്നാം നിയമസഭയെക്കുറിച്ച് കൂടുതൽ അറിയാൻ ഒരു ശ്രമം നടത്തി നോക്കാം. എന്റെ പരിമിത സമയത്തിനുള്ളിൽ അരച്ചെടുത്ത ഒരു ലേഖനം ആണിത്.
ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആണ് നിലവിൽ വന്നത്. എല്ലാ കേരളീയനും അറിയാവുന്ന കാര്യം.
1957 ലെ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പുരോഗമനവാദികളായ ചില സ്വതന്ത്രന്മാരുമായി ചേർന്നുകൊണ്ട് ഒറ്റയ്ക്കാണ് മത്സരിച്ചത്.
കേരള നിയമസഭയെക്കുറി ച്ച് പറയുന്നതിന് മുന്നേ നമ്മുടെ രാജഭരണ കാലത്തേ നിയമ നിര്മാണ സഭകളെ ക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും
കേരള സംസ്ഥാനം നിലവില്‍ വന്നത് 1956 നവംബര്‍ ഒന്നാം തീയതിയാണെങ്കിലും നമ്മുടെ നിയമനിര്‍മ്മാണ സഭയുടെ ചരിത്രത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. നിയമനിര്‍മ്മാണത്തിനും അവയുടെ ക്രമീകരണത്തിനും മറ്റുമായി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1888 മാര്‍ച്ച് 30-ാം തീയതി പാസ്സാക്കിയ റെഗുലേഷനിലൂടെ ഒരു കൗണ്‍സില്‍ സ്ഥാപിച്ചതോടെയാണ് നിയമസഭയുടെ ചരിത്രം ആരംഭിക്കുന്നത്.
1904-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ഭരണവുമായി ചെറിയ തോതിലെങ്കിലും ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്, 100 അംഗങ്ങളുള്ള ശ്രീമൂലം ജനകീയ പോപ്പുലര്‍ അസംബ്ളി (ജനപ്രതിനിധിസഭ) സ്ഥാപിച്ചതാണ് നിയമസഭാചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല്.
1933 ജനുവരി 1 ന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം) ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ (ഉപരി മണ്ഡലം) എന്നീ പേരുകളില്‍ രണ്ടുസഭകള്‍ ഉണ്ടായി. രണ്ടു സഭകളുടെയും എക്സ്-ഒഫിഷ്യോ ചെയര്‍മാന്‍ ദിവാനായിരുന്നു.
1 938 ഓഗസ്റ്റ് 6ന് ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ വി.ജെ.ടി. ഹാളിലെ അവസാന സമ്മേളനം നടന്നു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ അസംബ്ളി ഹാളിലുള്ള അസംബ്ളിയുടെ ആദ്യ സമ്മേളനം 1939 ഫെബ്രുവരി 9 ന് വ്യാഴാഴ്ചയാണ് ചേര്‍ന്നത്. ഈ ഇരട്ടസഭ, 1947 സെപ്റ്റംബര്‍ 4 ന് ഉത്തരവാദഭരണ പ്രഖ്യാപനം നടക്കും വരെ തുടര്‍ന്നു.
ഉത്തരവാദഭരണ പ്രഖ്യാപനത്തോടനുബന്ധിച്ച് പോപ്പുലര്‍ അസംബ്ളി, പ്രായപൂര്‍ത്തി വോട്ടവകാശം മുഖേന തെരഞ്ഞെടുക്കപ്പെടുന്ന 120 അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സഭയെന്ന നിലയില്‍ തിരുവിതാംകൂറിന്‍റെ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളി ആദ്യയോഗം ചേരുകയും അസംബ്ളിയുടെ അദ്ധ്യക്ഷനായി എ. ജെ. ജോണിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
തിരു - കൊച്ചി ഏകീകരണം
കൊച്ചി രാജ്യത്തിലും 1925-ല്‍ത്തന്നെ 45 അംഗങ്ങളുള്ള ആദ്യത്തെ നിയമസഭ സമിതി നിലവില്‍വന്നു. ഇതില്‍ 30 പേരെ തിരഞ്ഞെടുക്കുകയും 15 പേരെ നാമനിര്‍ദ്ദേശം ചെയ്യുകയുമായിരുന്നു.
1947 ഓഗസ്റ്റ് 14-ാം തീയതി കൊച്ചിയില്‍ ഉത്തരവാദഭരണം അനുവദിക്കുകയും 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കി, നിയമസഭയായി പ്രഖ്യാപിക്കുകയും ചെയ്തു.
തിരുവിതാംകൂര്‍ മഹാരാജാവിനെ രാജ്യത്തലവനാക്കി (രാജപ്രമുഖ്) 1949 ജൂലായ് ഒന്നിനു തിരുവിതാംകൂര്‍-കൊച്ചി ഏകീകരണം നടന്നു.
ഏകീകരിച്ച തിരുവിതാംകൂര്‍-കൊച്ചി രാജ്യത്തിന്‍റെ മുഖ്യമന്ത്രിയായി പറവൂര്‍ ടി.കെ. നാരായണപിള്ള സ്ഥാനമേല്‍ക്കുകയും സഭയുടെ ആദ്യ സ്പീക്കറായി ടി. എം. വര്‍ഗ്ഗീസിനെ 1949 ജൂലായ് 11 ന് തെരഞ്ഞെടുക്കുകയും ചെയ്തു.
ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24-ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നാംതീയതി സ്ഥാനമേറ്റ സി. കേശവന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.
ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായതിനുശേഷം 1951 ഡിസംബറില്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എ. ജെ. ജോണിന്‍റെ നേതൃത്വത്തില്‍ 1952 മാര്‍ച്ച് 12-ന് മന്ത്രിസഭയുണ്ടാക്കിയെങ്കിലും 1952 സെപ്റ്റംബര്‍ പതിമൂന്നിന് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
1954 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പി. എസ്. പി. നേതാവ് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഒരു മന്ത്രിസഭ 1954 മാര്‍ച്ച് പതിനേഴാം തീയതി അധികാരത്തില്‍ വന്നുവെങ്കിലും 1955 ഫെബ്രുവരിയില്‍ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുമൂലം രാജിവച്ചു.
പിന്നീടുവന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ 1956 മാര്‍ച്ച് 23 വരെ അധികാരത്തില്‍ തുടര്‍ന്നു. മന്ത്രിസഭയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അസംബ്ളി പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍വന്നതോടെ 1956 നവംബര്‍ ഒന്നാം തീയതി തിരു-കൊച്ചി, മലബാര്‍ എന്നിവ സംയോജിപ്പിച്ചു കേരള സംസ്ഥാനം രൂപം കൊണ്ടു.
നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ച ഒരു രാജവംശത്തിന്റെ അവസാനകണ്ണിയായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1949 ജൂലായ് ഒന്നിന് തിരുകൊച്ചി സംസ്ഥാന രൂപവത്കരണത്തോടെയാണ് 'രാജപ്രമുഖന്‍' (ഗവര്‍ണര്‍ക്ക് തുല്യം) ആയത്. അദ്ദേഹത്തിന്റെ പദവി അവസാനിക്കുന്ന ദിനവും ഐക്യകേരളത്തിന്റെ തുടക്കവുമായിരുന്നു 1956 നവംബര്‍ ഒന്ന്.
തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു പി.എസ്. റാവു. നവംബര്‍ ഒന്നിന് രാവിലെ കേരളത്തിന്റെ ആദ്യത്തെ ആക്ടിംഗ് ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പക്ഷെ മലയാളികളുടെ സംസ്കാരതനിമയും ചരിത്രവും തുടികൊട്ടി നില്‍ക്കുന്ന കന്യാകുമാരിയും പദ്മനാഭപുരം കൊട്ടാരവും ഉള്‍ക്കൊള്ളുന്ന തെക്കന്‍ താലൂക്കുകളായ വിളവന്‍കോട്, അഗസ്തീശ്വരം, കല്‍കുളം, തോവാള എന്നിവയും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിലായി. അതേസമയം തെക്കന്‍ കാനറയിലെ കാസര്‍കോട് കേരളത്തിനുകിട്ടി.
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഒന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1957 മാർച്ച് 16 നാണ് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.
1957 ഏപ്രിൽ അഞ്ച്. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിലെ പുത്തൻനാഴികക്കല്ലുകളിലൊന്നാണ് . അന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭ കേരളത്തിൽ അധികാരമേൽക്കുന്നത്.
ഐക്യ കേരളത്തിലെ മന്ത്രിസഭ നിലവിൽ വന്നിട്ട് ഇപ്പോൾ 58 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചതാണ് കേരളത്തിലെ മന്ത്രിസഭ.
ഇ എം എസ് നമ്പൂതിരി പ്പാടിന്റെ നേതൃത്വത്തിൽ 11 അംഗ മന്ത്രി സഭയാണ് അന്ന് അധികാരമേറ്റത് . അധികാരത്തിലേറി ദിവസങ്ങൾക്കകം തന്നെ ചരിത്രത്തെ തിരുത്തിക്കുറിച്ച തീരുമാനങ്ങൾ ഈ മന്ത്രി സഭ കൈക്കൊണ്ടു.
ഒന്നാം നിയമ സഭ ഒറ്റ നോട്ടത്തിൽ
1957 ഏപ്രില്‍ 4 സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിസഭ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു.
1959 ഏപ്രില്‍ 5 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രതിപക്ഷം അഴിമതിദിനം ആചരിച്ചു.
1959 ഏപ്രില്‍ 16 കോണ്‍ഗ്രസ് നേതാവ് പനന്പള്ളി ഗോവിന്ദമേനോന്‍, സര്‍ക്കാരിനെതിരെ വിമോചനസമരം പ്രഖ്യാപിച്ചു.
1959 ജൂണ്‍ 12 സംസ്ഥാനവ്യാപകമായ പൊതുഹര്‍ത്താല്‍
ജൂണ്‍ 13 അങ്കമാലിയില്‍ വെടിവയ്പ്. രണ്ടുപേര്‍ മരിച്ചു.
ജൂണ്‍ 15 വെട്ടുകാട് പുല്ലുവിള വെടിവയ്പ്.
ജൂലൈ 3 ചെറിയതുറയില്‍ വെടിവയ്പ്. ഫോറി എന്ന ഗര്‍ഭിണി മരിച്ചു.
ജൂലൈ 15 അങ്കമാലിയില്‍ നിന്നും മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പുറപ്പെട്ട ദീപശിഖ തിരുവനന്തപുരത്ത്.
ജൂലൈ 31 ഭരണഘടനയുടെ 355ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഡിസ്മിസ് ചെയ്തു. കേരളം പ്രസിഡന്റ് ഭരണത്തിലായി.
28 മാസക്കാലത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇ.എം.എസ് മന്ത്രിസഭ
പാട്ട വ്യവസ്ഥിതിയും കുടിയായ്മ യും ഇല്ലാതാക്കാൻ ശ്രമിച്ചു. വിദ്യാഭ്യാസ പരിഷ്കരണ നിയമവും ഭൂ പരിഷ്ക് രണ നിയമവും സമൂഹത്തെ ഒട്ടാകെ മാറ്റി മറിച്ചു . മുന്നോക്ക സമുദായക്കാർ സർക്കാരിനെതിരെ വിമോചന സമരം എന്നാ പേരിൽ പ്രക്ഷോഭം നടത്തിയെങ്കിലും മന്ത്രി സഭ എടുത്ത ഉറച്ച തീരുമാനങ്ങളിൽ തന്നെ ഉറച്ചു നില്ക്കുകയാണ് ചെയ്തത്. എന്നാൽ ഈ സരത്തിൽ ആദ്യ മന്ത്രി സഭയുടെ അടിവേരുകൾ ഇളകാൻ തുടങ്ങിയുരുന്നു. അധികം വൈകാതെ സർക്കാരിന്റെ ഭരണം ആകെ തക്ര്ന്നുവെന്നു കാണിച്ചു ഗവർണർ കേന്ദ്രത്തിനെ അറിയിച്ചു . അങ്ങിനെ 1959 ജൂലൈ 31 )൦ തീയതി ഭരണഘടനയിലെ 356ാം വകുപ്പ് പ്രകാരം
ഒന്നാം നിയമസഭയെ രാഷ്ട്രപതി ഡോ . രാജേന്ദ്ര പ്രസാദ്‌സര്‍ക്കാരിനെ പിരിച്ചുവിട്ടപ്പോള്‍ അതും ചരിത്രമായി…..
ആദ്യത്തെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മന്ത്രി മാര് ആരൊക്കെ എന്ന് നോക്കാം
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 സി. അച്യുതമേനോൻ സാമ്പത്തികം
3 ടി.വി. തോമസ് ഗതാഗതം, തൊഴിൽ
4 കെ.സി. ജോർജ്ജ് ഭക്ഷ്യം, വനം
5 കെ.പി. ഗോപാലൻ വ്യവസായം
6 ടി.എ. മജീദ് പൊതുമരാമത്ത്
7 പി.കെ. ചാത്തൻ സ്വയം ഭരണം
8 ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസം, സഹകരണം
9 കെ.ആർ. ഗൗരിയമ്മ റവന്യൂ, ഏക്സൈസ്
10 വി.ആർ. കൃഷ്ണയ്യർ അഭ്യന്തരം, നിയമം, വിദ്യുത്ച്ഛക്തി
11 എ .ആർ മേനോൻ ആരോഗ്യം
ഒന്നാം മന്ത്രിസഭയിൽ 175 ദിവസം സഭ സമ്മേളിച്ചിരുന്നു. ആർ . ശങ്കരനാരായണൻ തമ്പി ആയിരുന്നു നിയമസഭാ സ്പീക്കർ. കെ. ഒ. അയിഷഭായി ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ് ആയിരുന്നു.ഈ കാലയളവിൽ സഭ 97 ബില്ലുകൾ പാസ്സാക്കി ഇതിൽ പ്രധാനപ്പെട്ടവ ഭൂപരിഷ്കരണ നിയമവും , വിദ്യാഭ്യാസ ബില്ലുമായിരുന്നു
ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന രണ്ടാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1960 ) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു രണ്ടാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1960 ഫെബ്രുവരി 22 ന് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിൽ രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. രണ്ടാം നിയമസഭയുടെ തിരഞ്ഞെടുപ്പ് നടന്നത് 1960 ഫെബ്രുവരി 1 ന് ആദ്യമായി ഒരു ദിവസം തന്നെ പോളിംഗ് നടന്നുവെന്നുള്ളത് രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
1962 ൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയി; ധനകാര്യമന്ത്രിയായിരുന്ന ആർ ശങ്കർ 1962 സെപ്റ്റംബർ 26 ന് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറി. രണ്ടു വർഷം അധികാരത്തിലിരുന്നു ശങ്കർ നേതൃത്വം നൽകിയ കോൺഗ്രസ് കൂട്ടുമന്ത്രിസഭ. മത മേലാളൻ മാരുടെ അധികാര വടംവലികൾ ഏറെ സ്വാധീനിച്ച സർക്കാറായിരുന്നു ശങ്കർ മന്ത്രിസഭയുടേത്. ഈ അധികാര വടംവലികൾ മന്ത്രിസഭ തകർച്ചയിലേക്ക് വഴിതെളിയിക്കുകയും തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ എത്തിചേർക്കുന്നതിലേക്കും നയിച്ചു. മന്ത്രിസഭ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെടുകയും 1964 സെപ്റ്റംബർ 10 ന് ശങ്കർ രാജിവെക്കുകയും ചെയ്തു. അതോടെ വീണ്ടും സംസ്ഥാനം രാഷ്ട്രപതി യുടെ ഭരണത്തിൻ കീഴിലായി.
കേരളത്തിൽ ആകെ പതിമൂന്നു നിയമസഭകൾ നിലവിൽ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ആകെ കേരളം ഭരിച്ചത് 21 മുഖ്യമന്ത്രിമാർ കൂടിയാണ്.
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ