2021, ഡിസംബർ 20, തിങ്കളാഴ്‌ച

ഓർമ്മകൾക്കുറക്കമില്ല

അങ്ങിനെ ഒരു തിരുവാതിരയും കൂടി കടന്നു പോകുന്നു. ഇവിടെ ഇരുന്നു കൊണ്ട് മുഖപുസ്‌തകത്തിലൂടെ എവിടെയോ നടക്കുന്ന തിരുവാതിര ചടങ്ങുകളും പാതിരാ പൂചൂടലും  കണ്ടു മനസിനെ തൃപ്തി പെടുത്തുന്നു. എന്തുകൊണ്ടും ഇന്നത്തെ ദിവസം ഒരു കാർമേഘ പടലമായി തീരുന്നു. 

എല്ലാവരെയും പോലെ എനിക്കും ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ട്. അതിൽ ചിലത് ദൈവാനുഗ്രഹത്താൽ നടന്നു . ചിലത് ഈ  ജീവിതത്തിൽ നടക്കുമോ എന്നറിയില്ല. എന്നാലും അതിനു വേണ്ടി പരിശ്രമം നടത്തിക്കൊണ്ട ഇരിക്കുന്നു. അതിൽ ഒരു പരിശ്രമം പാഴായി പോയ ഒരു ദിവസമാണിന്ന്. അതിനുവേണ്ടി നാളുകളായി കാത്തിരുന്ന ദിവസം. അവസാനം അതും പാഴായി പോയി. അതിന്റെ ഒരു വിഷമത്തിലൂടെ ഇങ്ങനെ പോകുന്നു. ജീവൻ മരണ പോരാട്ടം ഒന്നും അല്ല എങ്കിലും അത് നഷ്ടപ്പെട്ടതിന്റെ ഒരു വൈക്ലഭ്യം എന്ന് പറയാം. 

കുട്ടിക്കാലത്തു വീട്ടിൽ ധനുമാസ തിരുവാതിര നാളിൽ അമ്മൂമ്മയും അമ്മയും കൂടി രാവിലെ മുതൽ പുഴുക്കിന് വേണ്ടി ഉള്ള ഒരുക്കത്തിലായിരിക്കും. അന്നൊന്നും ഇതിന്റെ പ്രത്യേകതകൾ  ഒന്നും അറിയില്ലായിരുന്നു.  വീടിന്റെ പിന്നാമ്പുറത്തുള്ള സ്ഥലത്തു അപ്പൂപ്പന്റെ കൃഷിയിടത്തു നിന്നുമുള്ള കാച്ചിലും ചേനയും നനകിഴങ്ങും ചെറു കിഴങ്ങും ഏത്തക്കായും കൂർക്കയും ചേമ്പും കൂടെ വൻപയർ വേവിച്ചതും  ചേർന്നുള്ള പുഴുക്ക്.  കഷ്ണങ്ങൾ എല്ലാം അറിയഞ്ഞു വരുമ്പോളേക്കും ചിറ്റയും കൊച്ചച്ഛനും കൂടി ചേരും. ഉച്ച ആകുമ്പോൾ എല്ലാവരും കൂടെ ഉച്ചക്ക് അതും കഴിച്ചിരുന്നു .


പിന്നെ ഉള്ള ഓർമ്മ , ക്രിസ്തുമസ് അവധിയും തിരുവാതിരയും  നാല്പത്തി ഒന്നും കൂടി വരുന്ന സമയത്തു ഞാനും ചേച്ചിയും കൂടെ കൊച്ചച്ഛൻറെ വീട്ടിൽ പോകും. അവിടെ ഈ ആഘോഷങ്ങൾ എല്ലാം നല്ല പൊടി പൂരമായി നടത്തുന്ന സ്ഥലമാണ്. തിരുവാതിര നോയമ്പ് തുടങ്ങുന്നത് രേവതി മുതലാണ്. അന്നുമുതൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും മകയിരവും തിരുവാതിരയും എന്തയാലും ആഘോഷമാക്കും. അവിടുത്തെ ചുറ്റുപാടുമുള്ള സ്ത്രീജനങ്ങൾ ഓരോ ദിവസവും ഓരോ വീടുകളിൽ കൂടി വൈകിട്ടത്തെ ചടങ്ങുകൾ നടത്തി പോരും. അവസാനം രണ്ടു ദിവസം അതായത് മകയിര്യം തിരുവാതിര ദിവസങ്ങൾ ആണ് കേമം. 


മകയിര്യം നാൾ സന്ധകഴിയുമ്പോൾ പെണ്ണുങ്ങളും കുട്ടികളും ചേരുന്നു ഒരു സ്ഥലത്തു കൂടും . എട്ടങ്ങാടി ചുടാനുള്ള പരിപാടികൾ തുടങ്ങും. ചുടുക എന്ന് പറഞ്ഞാൽ എല്ലാ സാധനങ്ങളും  ചുട്ടെടുക്കില്ല . ചിലവ  മാത്രം. കാച്ചിൽ, ഏത്തക്കായ,  കിഴങ്ങ് എന്നിവ ചൂട് തീക്കനലിൽ ചുട്ടെടുത്തു മാറ്റി വെക്കുക. ചേന, ചേമ്പ് , കൂർക്ക എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വേവിച്ചു മാറ്റുക. 

തുടർന്ന് മുതിര ,  വൻപയർ , എള്ള് , ചെറുപയർപരിപ്പ് എന്നിവ  വറുത്തെടുക്കും വേറെ വേറെ വറുത്തെടുക്കുക (വൻപയറിനു  വറവ് കൂടുതലാണ്). പിന്നീട് ശർക്കര പാവുകാച്ചി  ചുട്ടെടുത്ത സാധനങ്ങളും( തൊലി കളഞ്ഞതിനു ശേഷം ചെറുതായി കഷ്ണങ്ങൾ ആക്കി ) വറുത്തസാധനങ്ങളും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശർക്കര പാവ് കട്ടിയാകാൻ തുടങ്ങുന്നതിനു എല്ലാം കൂടി ചേർത്തി യോജിപ്പിക്കണം .ഇതിലേക്ക് നേത്രപ്പഴവും കരിക്കിന്റെ യും കരിമ്പിന്റെയും ചെറിയ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു യോജിപ്പിച്ചെടുക്കണം. 

ഇത് മികയിര്യം നാളിൽ സുമംഗലികളായ സ്ത്രീകൾ ശിവന് നേദിച്ചതിനു ശേഷം കഴിക്കും. കന്യകൾ നേദിക്കാതെയും കാഴ്ഴിക്കും എന്നാണ് പാരമ്പരഗതമായുള്ള ചടങ്ങ് . തുടർന്ന് വീടും എല്ലാവരും കൂടെ തിരുവാതിര കളിച്ചു അന്നത്തെ ചടങ്ങുകൾ അവസാനിപ്പിക്കും.

പിറ്റേന്നാണ്‌ തിരുവാതിര . പൂത്തിരുവാതിര .

രാവിലെ തുടിച്ചുകുളിച്ചു ക്ഷേത്ര ദർശനവും കഴിഞ്ഞു രാവിലത്തേക്കുള്ള കൂവ കാച്ചിയതും കഴിച്ചു കഴിഞ്ഞു തിരുവാതിര പുഴുക്കിനുള്ള ഒരുക്കങ്ങളായി. അതും കഴിച്ചു വൈകുന്നേരം ആകുമ്പോൾ തരുണീമണികൾ സുന്ദരികളായി മുറുക്കി ചുവപ്പിച്ചു വിളക്കിനു ചുറ്റും തിരുവാതിര ചുവടുകൾ വെക്കാൻ തുടങ്ങും. അരിപ്പൊടി കലക്കി അമ്മിക്കല്ലിനെ അലങ്കരിച്ചു അർദ്ധനാരീശ്വര സങ്കല്പത്തിൽ വിളക്കിനെ ഗണപതിയായി സങ്കൽപ്പിച്ചു കൊണ്ട് ചടങ്ങുകൾ തുടങ്ങുകയായി. സുമംഗലികളും കന്യകമാരും ഈ ചടങ്ങിനെ തുടർന്ന് തിരുവാതിര കളിച്ചു തുടങ്ങും. മറ്റു ചിലർ ദശപുഷ്പങ്ങൾ ഒരുക്കുന്ന തിരക്കിലാകും. ആർപ്പുവിളികളുടെയും കുരവയിടലിന്റെയും സാന്നിധ്യത്തോടെ പൂത്തിരുവാതിര പെണ്ണിനെ സദസിലേൽക്കു ഇരുത്തി ഓരോ പൂവിന്റെയും പേരുകൾ പറഞ്ഞു ദീർഘ മംഗല്യത്തിനായി പൂജിക്കുന്നു. തുടർന്ന് പാതിരാ പൂച്ചൂടൽ. നേരത്തെ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് ആർപ്പുവിളികളും തീവെട്ടിയും ഹാലപ്പൊലിയും ആയി നാരീജനാണ് യാത്രയാകുന്നു. നേരത്തെ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തെത്തി പാതിരാപ്പൂ എടുത്തുകൊണ്ടു വന്നു ഓരോ പൂവിനേയും പേരുചൊല്ലി വിളിച്ചു പാട്ടും ആട്ടവും ആയി തിരുവാതിര ചടങ്ങുകൾ കൊഴുക്കുന്നു,നേരം പുലരുവോളം ചുവടുകൾ ചവിട്ടി ഉറക്കം ഒഴിച്ച്  സൂര്യോദയം ആകുമ്പോൾ ചടങ്ങുകൾ അവസാനിപ്പിക്കും. സ്ത്രീകൾക്കു മാത്രമായുള്ള ഒരു ദിവസം.  

ഒരിക്കലും  മനം മടുക്കാത്ത ഒരു അയവിറക്കൽ. 

തിരുവാതിരയും പുഴുക്കും ഒന്നും ഇല്ലാതെ ഈ വർഷത്തെ തിരുവാതിരയും  ഇന്ന് കഴിഞ്ഞു. അങ്ങിനെ അയവിറക്കാൻ നടത്തികൊണ്ടിരുന്നപ്പോളാണ് നമ്മുടെ അടുത്ത നൊസ്റ്റാൾജിയ. വേണുഗോപാൽ ആലപിച്ച അച്ഛനിരുന്നൊരു ചാരുകസേരയിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനം എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു . എന്തുകൊണ്ടോ എന്റെ മനസ് ഒന്നുകൂടെ നാട്ടിലേക്കും അച്ഛന്റെ എടുത്തേക്കും ഒന്ന് ഓട്ട  പ്രദക്ഷിണം നടത്തി. 

മനസിന്റെ ആഗ്രഹങ്ങൾ ഇങ്ങനെ ചിറകു വിരിച്ചു വിഹായസ്സിൽ പറക്കുമ്പോൾ അതിനെ തടയാൻ ഞാൻ ആര്? അതിങ്ങനെ പറക്കട്ടെ ഇഷ്ട്ടം പോലെ. 

വരികൾ പറഞ്ഞതുപോലെ (courtsey ഗൂഗിൾ)

ചുറ്റിലും  കാണുമി  കാഴ്ചയിലെൻ മനം 
പുറകോട്ടു  മെല്ലെ  പറന്നു  പോയി 
മുറ്റം  നിറഞ്ഞു  കളിച്ചു  നടന്നൊരെൻ 
കൊച്ചു  ബാല്യത്തിന്റെ  പക്കലേയ്ക്കായി