Thursday, July 3, 2014

ആതിര രാവില്‍…

ധനുമാസത്തിലെ മരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ സ്ത്രീകള്ക്ക് മാത്രമായി ഒരു ദിവസം. തിരുവാതിര. ചിലര്ക്കത് പൂത്തിരുവാതിര.എത്ര ഓർത്താലും മതിവരാത്ത ഓർമ്മകൾ തികട്ടി വരുന്ന ആഘോഷം.  അശ്വതി നാൾ തുടങ്ങി തിരുവാതിര വരെയുള്ള രാവുകൾ അവര്ക്ക് മാത്രം ആയി മാറുന്ന ദിവസങ്ങള്. തിരുവതിരപുഴുക്കും എട്ടങ്ങടിയും കളിയും ചിരിയും ആർപ്പുവിലികല്മ് എന്നുവേണ്ട ആകെ തിമിർത്തു  രസിക്കാനായി ഒരു  ദിവസം
.
കേരളത്തിലെ ഹിന്ദു  സ്ത്രീകളെ വളരെയധികം സ്വാധീനിച്ച ഒരു ഉത്സവം ആണ് തിരുവാതിര.

    സുമംഗലികളായ അന്തർജ്ജനങ്ങളും നായര് സ്ത്രീകളും , നെടു മംഗല്യത്തിനായും കന്യകൾ സുന്ദരനായ പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനും തിരുവാതിര ( ആർദ്രാ ) വൃതം  നോക്കുന്നു.  ശുക്ല പക്ഷത്തിലെ വെളുത്തവാവ് ദിവസം ആണ് തിരുവാതിര. ധനു മാസത്തിലെ തിരുവാതിരയെ ക്കുറിച്ച് പല വിധത്തിലുള്ള കഥകളും കേൾക്കാറുണ്ട് . അതിൽ പ്രധാനം ശ്രീ പരമേശ്വരന്റെ ജന്മനക്ഷത്രം ആണെന്നുള്ളതാണ് . കഥകൾ എല്ലാം ശ്രീ പരമേശ്വരനെ ചുറ്റിപറ്റി ഉള്ളത് തന്നെ. എന്നിരുന്നാലും ഈ ഉത്സവം സ്ത്രീകളെ സംബധിച്ചിടത്തോളം വിശ്വാസ ത്തിനു ഉപരിയായി ചരിത്രപരമായും ബന്ധപ്പെട്ടിരിക്കുന്നു. വീടിനു പുറത്തിറങ്ങാൻ അനുവാദമില്ലാത്ത കാലഘട്ടത്തിൽ സ്ത്രീകളെ പുറത്തിറങ്ങാൻ സഹായിച്ച ഒരു കലയാണിത്.


രേവതി നാൾ തുടങ്ങി തിരുവാതിര വരെയുള്ളവരെ യുള്ള ഏഴ് നാളുകളിൽ ആണ് തിരുവാതിര വൃതം. അതിരാവിലെ യുള്ള തുടിച്ചുകുളി ആണ് പ്രധാനം.
അശ്വതി നാളിൽ അശ്വമുഖം കാണും മുൻപേ, ഭരണി നാളിൽ പ്രകാശം പറക്കും മുൻപേ, കാർത്തിക നാളിൽ കാക്ക കരയും മുൻപേ, രോഹിണി നാളിൽ രോമം ഉണരും മുൻപേ , മകയിര്യം നാളിൽ മക്കൾ ഉണരും മുൻപേയും ആണ് തുടിച്ചു കുളിക്കേണ്ടത്. ഗംഗാ ദേവിയെ ഉണർത്തുന്ന പാട്ട് പാടി, വെള്ളത്തിൽ കൈ തല്ലി വേണം കുളിക്കാൻ . കുളികഴിഞ്ഞു അതിരാവിലെ യുള്ള ശിവ ക്ഷേത്ര ദര്ശനവും പ്രധാനമാണ്‌ .മകയിര്യം നാളിലും തിരുവാതിര നാളിലും ഉള്ള നോയന്പു ആണ് പ്രധാനം.അരിആഹരം വെടിഞ്ഞു കിഴങ്ങുകളും കായകളും ഫലങ്ങളും ആണ് കഴിക്കേണ്ടത്. മകയിര്യം നാൾ മക്കൾക്ക്‌ വേണ്ടി അമ്മ മാര് വൃതം നോല്ക്കുന്നു.തിരുവാതിര ഭർത്താവിന്  വേണ്ടിയും . മകയിര്യം നാളിൽ സന്ധ്യക്ക്‌ എട്ടങ്ങാടി ചുട്ടു തുടങ്ങുന്നതോടെ ചടങ്ങുകൾ തുടങ്ങുകയായി.
പണ്ടൊക്കെ ഒരു പ്രദേശത്തെ ആൾക്കാർ ഒരു തറവാട്ടു മുറ്റ ത്ത് ഒത്തുകൂടി അവിടെയായിരുന്നു തിരുവാതിര ചടങ്ങുകൾ നടത്തുക.

എട്ടങ്ങാടി എന്നാൽ  നേ ന്ത്ര കായും , എട്ടുതരം കിഴങ്ങുകൾ  എട്ടു ധാന്യങ്ങൾ എന്നിവ ചേര്ന്നതാണ്. കൂർക്ക , കാച്ചിൽ, ചെറുകിഴങ്ങ് ,നനകിഴങ്ങ്  , രണ്ടുതരം ചേമ്പ് , ചേന, മധുരക്കിഴങ്ങ് , തുടങ്ങിയ കിഴങ്ങുകൾ , ചെറുപയർ, മുതിര, തുവര, ഗോതമ്പ് , ചോളം, ഉഴുന്ന്, കടല, വൻപയർ എന്നീ ധാന്യങ്ങൾ വേവിച്ചെടുക്കണം. കിഴങ്ങുകൾ കനൽ തീയിൽ  ചുട്ടെടുക്കണം.ശർക്കര പാവ് കാച്ചി അതിൽ കൊപ്ര കരിന്പ് , ഒറ ഞ്ച് , ചെറുനാരങ്ങ എന്നിവ ചെറുതായി അരിഞ്ഞു ഇടണം. അതിലേക്കു കുറച്ചു എള്ള് ,നെയ്യ് ,തേൻ എന്നിവ ഒഴിച്ച് ചുട്ടെടുത്ത കിഴങ്ങുകൾ  ഏത്തപ്പഴം ചുട്ടത് മുറിച്ചിട്ട് വേവിച്ച ധാന്യങ്ങൾ ചേർത്ത് യോജിപ്പിച്ചാൽ എട്ടങ്ങടിയായി. 

ദക്ഷ പ്രജപതിയുടെ മകളായ സതീദേവിയുടെ അത്മത്യാഗത്തിനു ശേഷം കുപിതനായ ശിവൻ ഒരു ഗുഹയിൽ കഠിന തപസ്സിൽ എര്പെട്ടിരിക്കുന്ന സമയത്ത് , ഹിമവാന്റെ പുത്രിയായ പാർവതി ദേവി ശിവനിൽ അനുരാഗിണി യായി ശിവനെ പൂജിച്ചിരുന്നു തപസിനെ ഇളക്കാൻ സാധിക്കാതെ വിഷമിച്ച പാർവതീ  ദേവി കാമദേവന്റെ സഹായത്തോടെ ശിവന്റെ തപസിനു ഭംഗം വരുത്തുന്നു. കൊപിതനായ ശിവൻ തന്റെ മൂന്നാം തൃക്കണ് തുറന്നു കാമദേവനെ ഭസ്മമാക്കി. തുടർന്ന് രതീ ദേവി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രാർത്ഥിച്ചപ്പോൾ കാമദേവന് പുനർജ്ജന്മം  നല്കാമെന്നു ശിവൻ പറയുന്നു. ഇതിന്റെ സന്തോഷത്തിൽ സ്ത്രീകള് ആടിപ്പാടി ആഘോഷിച്ചതാണ് തിരുവാതിര എന്നാണ് ഒരു ഐതീഹ്യം.
പാലാഴി മഥനം കഴിഞ്ഞപ്പോൾ ഉണ്ടായ കാളകൂട വിഷം ഭൂമിയില വീഴാതിരിക്കാൻ വേണ്ടി ശിവൻ അത് കുടിച്ചപ്പോൾ , പാർവതീ ദേവി ശിവന്റെ കണ്ധത്തിൽ പ്പിടിച്ചു കൊട് പ്രാർഥിച്ചു ഉറക്കമൊഴിചിരുന്നു . അതാണ് തിരുവതിരിയിലെ ഉറക്കമോഴിക്കളിനുള്ള പ്രാധാന്യം.
പുതാൻ തിരുവതിരക്കാരോ സുമംഗലികൾ മുത്തശ്ശി മാര് ഇവരിൽ ആരേലും ആയിരിക്കും ചടങ്ങുകൾ നടത്തുക.

മകയിര്യം നാളിൽ എട്ടങ്ങാടി  ശ്രീ പാർവതിക്കു നേദിച്ച് ,കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ കുരവയുടെ മംഗള ശബ്ദത്തോടെ സ്‌ത്രീകൾ  കാമദേവനെ പൂജിച്ചു ഗണപതിയെയും സരസ്വതിയും സ്തുതിച്ചു കൊണ്ട് തിരുവാതിര കളിച്ചു തുടങ്ങും. വിവിധയിനം തിരുവതിരപ്പാട്ടുകൾ പാടി ചുവടുവെച്ചു കഴിയുമ്പോൾ സദസ്സിൽ ഉള്ളവര്ക്ക് എട്ടങ്ങാടി നല്കി അന്നത്തെ ചടങ്ങുകൾ അവസാനിപ്പിക്കും.
പിറ്റേന്നാണ് തിരുവാതിര. നേരം പുലരുന്നതിനുമുന്നെ തന്നെ സ്ത്രീകള് എല്ലാവരും കൂടി പാട്ടു പാടി തുടിച്ചുകുളിച്ചു ക്ഷേത്ര ദര്ശനവും കഴിഞ്ഞു തിരുവാതിര പുഴുക്ക് പുഴുങ്ങുന്നു. പുഴുക്ക് കഴിച്ചതിനു ശേഷം നൂറ്റി എട്ടു വെറ്റിലയും അടയും നിവേദിച്ചു മൂന്ന് കൂട്ടുന്നു.

സുമംഗലി മാരും കന്യകമാരും നടുമുറ്റത്ത് അരിപ്പൊടി കലക്കി അമ്മിക്കല്ലിനെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍വെക്കുകയും വിളക്ക് ഗണപതിയായി സങ്കല്പിച്ചു പൂജ നടത്തുകയും ചെയുന്നു. പൂജാ  പുഷ്പ്പം അടക്കമണിയന്‍എന്ന ചെടിയുടെ നാമ്പ് ആണ്. എല്ലാ സ്ത്രീകളും കുങ്കുമം ചന്ദനം, ചാന്ത് എന്നിവ നെറ്റിയില്‍ തൊട്ടു കണ്ണെഴുതിമൂന്ന് വെറ്റില അടക്കമാണിയന്റെ നാമ്പ് എന്നിവ കൊണ്ട് അര്‍ദ്ധ നാരീശ്വരന്‍ ഗണപതി എന്നിവരെഅര്‍ച്ചിക്കുന്നു. തുടര്‍ന്ന് അരുന്ധതീ ദേവിയെ പ്രാര്‍ഥിച്ചു നെടുമംഗല്യത്തിനും മംഗല്യത്തിനും ആയി പ്രാര്‍ത്ഥിച്ചുതിരുവാതിര കളി തുടങ്ങുന്നു.
വല്യ ചുവടുകള്‍ ഇല്ലാതെ നിലവിളക്കിനു ചുറ്റും വട്ടത്തില്‍ ആണ് തിരുവാതിര കളിക്കാറ് ഉള്ളത്. ഭാവാഭിനയംഇല്ല. പദ വിന്യസങ്ങളും- കൈ, മെയ്യ് ചലങ്ങലുമാനുള്ളത്. പാട്ട് പാടിക്കൊണ്ട് ശരീരവും കൈകളുംചലിപ്പിക്കണം. കൈപ്പത്തികള്‍ കമിഴ്തുകയും മലര്‍ത്തുകയും ആണ് ചെയ്യാറുള്ളത്. കഥകളിയുടെയുംമോഹിനിയാട്ടത്തിന്റെയും ചുവടുകളാണ് ഇതില്‍ കൂടുതലും.


ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുരവയുടെ മംഗള ശബ്ദവും കൂടെ ഉണ്ടാവും. പ്രധാനമായുള്ള പാട്ടുകള്‍ പാടിതിരുവാതിര കളിച്ചു കഴിയുമ്പോള്‍ പാതിരാപ്പൂ ചൂടാന്‍ സമയമാകും.പത്തു തരം പുഷ്പങ്ങള്‍ ആണ്ദശപുഷ്പ്പങ്ങള്‍) പാതിരാ പൂ ആയി എടുക്കുന്നത്. ദശപുഷ്പങ്ങള്‍ എന്ന് പറഞ്ഞാല്‍ പത്തു തരം സസ്യങ്ങള്‍ആണ്. കറുക, കൃഷ്ണക്രാന്തി, പൂവാംകുരുന്നില, നിലപ്പന, കൈയ്യോന്നി, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള ( ചെരുപൂള), മുയല്‍ച്ചെവിയന്‍ . ഇതില്‍ കറുക പുഷ്പ്പിക്കാത്തതും ബാക്കി ഒന്‍പതും പുഷ്പ്പിക്കുന്നവയും ആണ്. ഓരോ പൂവിനും അതിന്റെതായ ദേവനും മഹാത്മ്യങ്ങളും ഉണ്ട്.
നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്ന ഒരു സ്ഥലത്ത് ദശപുഷ്പ്പങ്ങള്‍ ഒരു ഇലയില്‍ എടുത്തു കൊണ്ട്വെച്ചിരിക്കും. പതിരപ്പൂ ചൂടെണ്ട സമയമാകുമ്പോള്‍ സ്ത്രീകള്‍ എല്ലാവരും പാട്ടും കുരവയുംഅര്‍പ്പുവിളികളുമായി പൂ തിരുവാതിര പെണ്ണ് മുന്പെയും ബാക്കിയുള്ളവര്‍ പിന്നാലെയും ആയി ദശപുഷ്പംവെച്ചിരിക്കുന്ന സ്ഥലത്ത് എത്തുന്നു. തുടര്‍ന്ന്
സാരസാക്ഷിമാര്‍ കേള്പ്പിനെല്ലാരും
സാരമാം മമ ഭാഷിതം
ഒരു മീ വിധം ലീല കളിനി നേരം പാതിരാവയല്ലോ
ധന്യമാം ദശപുഷ്പ്പങ്ങള്‍ ചൂടാന്‍
മന്ദമേന്നിയെ പോകനാം......
ചൊല്ലെഴും അതിന്‍ നാമങ്ങള്‍
സത് ഗുണങ്ങളെ വര്‍ണ്ണിച്ചു കേള്‍പ്പാന്‍
എന്ന പാട്ടും പാടി ഓരോ പൂവിന്റെയും പേരും ചൊല്ലി പാലക്കു നീര് കൊടുക്കുന്നു എന്ന ചടങ്ങ് നടത്തുന്നു. ഓരോ പൂവിന്റെയും പേരിനനുസരിച്ചു കിണ്ടിയില്‍ നിന്നും വെള്ളം മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയാണ്ചെയുന്നത്. തുടര്‍ന്ന് ദശപുഷ്പ്പവും എടുത്തുകൊണ്ടു കളിക്കളത്തിലേക്ക് മടങ്ങുന്നു. നിലവിളക്കിനു മുന്‍പില്‍അഷ്ടമംഗല്യവും ( ചെപ്പ്, കണ്ണാടി, അക്ഷതം, വസ്ത്രം, ഗ്രന്ഥം, സ്വര്‍ണ്ണം, കിണ്ടി, ചന്ദനം ) ദശപുഷ്പ്പവും വെച്ച്പൂത്തിരുവാതിര പെണ്ണിനെ ഒരു പലകയില്‍ ഇരുത്തി ഓരോ പൂവിന്റെയും പേരുപറഞ്ഞു എടുത്തു തലയില്‍ചൂടിക്കുന്നു. ഇതേപോലെ മറ്റുള്ളവരും ചെയ്യുന്നു. തുടര്‍ന്ന് വീണ്ടും തിരുവതിരകളിച്ചു മംഗളവും പാടികുരവയും ഇട്ടു അവസാനിപ്പിക്കുന്നു. അപ്പോളേക്കും നേരം പുലരും .തുടര്‍ന്ന് കുളിച്ചു വന്നു നോയമ്പ്അവസാനിപ്പിക്കുന്നു,
ഇനി തിരുവതിരപുഴുക്ക് പുഴുങ്ങുന്നത് എങ്ങിനെയെന്ന് നോക്കാം. ചില പ്രദേശങ്ങളില്‍ ഉരുളന്‍ കിഴങ്ങും കപ്പയുംഒന്നും പുഴുക്കിന്റെ കൂടെ ഉപയോഗിക്കാറില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇവ രണ്ടും ഉപയോഗിക്കും. നടുകള്‍ക്കനുസരിച്ചു പുഴുക്കിനും വത്യാസം ഉണ്ടാകുന്നു.വളരെ ഗ്രഹാതുരത്വം  ഉള്ള ഓർമ്മകൾ പങ്കിടുമ്പോൾ ഉണ്ടാകുന്ന ഒരു മന:സംതൃപ്തി മറ്റൊന്നിലും കിട്ടല്ല എന്നവിശ്വാസം ആണ് ഇത് പോലെ ഉള്ള വിഷയങ്ങളെക്കുറിച്ച് എഴുതാൻ വീണ്ടും പ്രേരിപ്പിക്കുന്നത്. ഇപ്പോൾ എല്ലാം ആഘോഷങ്ങളുടെ കാലം എന്തിനും ഏതിനും ആശംസകൾ. പണ്ട് ഈ വക ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹാപ്പി ഓണം, ഹാപ്പി വിഷു, മെറി ക്രിസ്ത്മസ് എന്നിങ്ങനെ അല്ലാതെ ഇപ്പോളത്തെ പോലെ ഹാപ്പി നവരാത്രി ഹാപ്പി ആവണി  അവിട്ടം തുടങ്ങിയ രീതികള തുടങ്ങിയിട്ട്  വളരെ വിരളമായ നാളുകളെ ആയിട്ടുള്ളൂ. അതോ ഞാൻ അറിയാതെ പോയതാണോ എന്നും അറിഞ്ഞുകൂടാ.
ഡിസംബര് ജനുവരി മാസം ഉത്സവങ്ങളുടെ കാലം. മണ്ഡലകാലം, ക്രിസ്തുമസ് , തിരുവാതിര  പുതുവര്ഷം എന്നുവേണ്ട എല്ലാ ആഘോഷങ്ങളും ഒരുമിച്ചു ഒരു കുടക്കീഴിൽ എന്നപോലെ വന്നു പോകും. വൃതാനുഷ്ടാ നങ്ങളുടെ കാലം.പാവനവും പവിത്രവും ആയ കാലം.
തിരുവാതിര


ഇനി തിരുവാതിര പുഴുക്ക് പുഴുങ്ങുന്നത് എങ്ങിനെയെന്ന് നോക്കാം. ചില പ്രദേശങ്ങളില്‍ ഉരുളന്‍ കിഴങ്ങും കപ്പയുംഒന്നും പുഴുക്കിന്റെ കൂടെ ഉപയോഗിക്കാറില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇവ രണ്ടും ഉപയോഗിക്കും. നടുകള്‍ക്കനുസരിച്ചു പുഴുക്കിനും വത്യാസം ഉണ്ടാകുന്നു.

പുഴുക്കിന് ആവശ്യമായ സാധങ്ങള്‍


 1. ചേന - ഒരു ചെറിയ കഷ്ണം
 2. ചേമ്പ്- രണ്ട് എണ്ണം
 3. കാച്ചില്‍ - ഒരു ചെറുത്
 4. മധുരകിഴങ്ങ്‌ - ഒരെണ്ണം
 5. ഏത്തക്ക - രണ്ടു എണ്ണം
 6. നനകിഴങ്ങ്- നാലെണ്ണം
 7. ചെറുകിഴങ്ങ്- നാലെണ്ണം
 8. കൂര്‍ക്ക - ഒരു പിടി
 9. വന്‍പയര്‍- ഒരു കപ്പ്‌
 10. പച്ചമുളക്- എട്ട് എണ്ണം
 11. ചെറിയ ഉള്ളി- എട്ട് എണ്ണം
 12. ജീരകം- ഒരു നുള്ള്
 13. തേങ്ങ- ഒരു തേങ്ങ ചുരണ്ടിയത്
 14. മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
 15. വെള്ളം -ആവശ്യത്തിനു
 16. ഉപ്പ്‌-ആവശ്യത്തിനു
 17. വെളിച്ചെണ്ണ-
 18. കറിവേപ്പില

പാകം ചെയുന്നവിധം


വന്‍പയര്‍ വേവിച്ചെടുക്കുക.
കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിക്കുക. ഇത് കഴുകി കഷണങ്ങളുടെ പകുതി നികവില്‍വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേര്‍ക്കുക.
തേങ്ങ ,  ഉള്ളി, പച്ചമുളക്,  ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍വെള്ളം ഊറ്റി കളഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന പയറും അരപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീകുറച്ച് വെച്ച് കറിവേപ്പില ചേര്‍ത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേര്‍ത്ത് അടച്ചു വെക്കുക. തിരുവതിരപുഴുക്ക് തയാര്‍.