2023, ഏപ്രിൽ 4, ചൊവ്വാഴ്ച

അതിജീവനം

                                                    അതിജീവനം 


 മൂന്നു മാസത്തിനുള്ളിൽ മകൾ പുതിയലോകത്തേക്ക്  കാലെടുത്തു വെക്കുന്നു. അതിനു വേണ്ടി ഞങൾ പാകപ്പെട്ടിട്ടില്ല. അറിയില്ല എങ്ങിനെ അതിനെ അതിജീവിക്കും എന്ന്. 

ഓരോ ദിവസവും കണ്ണടച്ച് തുറക്കുന്നതിനു മുന്നേ കഴിഞ്ഞു പോകുന്നു. ഒരു കണക്കിന് അത് നല്ലതു തന്നെ . മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല ,ജോലി,വീട് കുട്ടികൾ. ആർക്കും പരാതിയില്ല പരിഭവം ഇല്ല. കുട്ടികൾ ദിവസവും വളരുന്നു. അവരുടെ കൂടെ ഓടി എത്താൻ ഞാൻ കിടന്നു കിതക്കുവാണ്. കയറ്റങ്ങളും ഇറക്കങ്ങളും കൂടിച്ചേര്ന്ന് ഒരു മാരത്തോൺ ഓട്ടം.

വിചിത്രമായ മറ്റൊരു ചിന്ത മനസ്സിൽ വരാറുണ്ട്. എന്തിനു ഓടണം ഇങ്ങനെ. 

അടിസ്ഥാന സൗകര്യങ്ങൾ നേടാൻ ഇപ്പോൾ കുടുംബത്ത് രണ്ട്ലക്കും ജോലി ആവശ്യം തന്നെ. വീടിന്റെ ലോൺ, കുട്ടികളുടെ ചിലവുകൾ, കാറിന്റെ ലോൺ അങ്ങിനെ അടവുകൾ കഴിഞ്ഞു എന്തേലും മിച്ചം പിടിക്കേണ്ട. എന്നാലല്ലേ മുന്നോട്ടുള്ള ജീവിതം അല്പ്പമെങ്കിലും സുദൃഡമായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുകയുള്ളു. നാളെ എന്ത് എന്നാണ് അറിയില്ല എന്നാലും എല്ലാവര്ക്കും വേണ്ടി ഒരല്പം കരുതൽ.

ഇവിടെ ഇപ്പോൾ മക്കൾ ഹൈസ്കൂൾ കഴിയുന്നു ഒരാൾ . ചെറിയ ആൾ ഇനി ആറാം ക്ലാസ്സിലേക്കും, പന്ത്രണ്ടു കഴിഞ്ഞു ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് മാറുമ്പോൾ അതിന്റെ ചിലവുകൾ വേറെ. ഒരു വര്ഷം ഏകദേശം അറുപത്തിനായിരത്തിൽ അധികം ആണ് ചിലവുകൾ കണക്കാക്കിയിരിക്കുന്നത്. അതിൽ താമസവും, ഭക്ഷണവും,യാത്രയും ,പുസ്തകങ്ങളും എല്ലാം ഉൾപ്പെടും. അതിനും വേണ്ടി ഉള്ള ഓട്ടത്തിലാണിപ്പോൾ. 

അദ്ദേഹത്തിന്  വീടിനടുത്തുള്ള കലാലയത്തിൽ പോകേണ്ട , വീട്ടിൽ നിന്നും എത്രയും ദൂരെ പോകാന് ആണ് താത്പര്യം.അതിനായി എല്ലാ വാരാന്ത്യങ്ങളും ഉപദേശവും . പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യം ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ,പര്യുമ്പോൾ എല്ലാം മൂളികേൾക്കും സന്തോഷത്തോടെ അന്നേക്ക് സഭ പിരിയും. പിന്നെയും നാളെ വീണ്ടും ഇതേ ചർച്ച, വീടും ഒന്നിൽ നിന്നും തുടങ്ങി വീണ്ടും ഇന്നലെ പറഞ്ഞിടത്തു എത്തും . ഇങ്ങനെ മംസന്ഗല് ആയുള്ള ചർച്ചയും വഴക്കും, മുഷിപ്പിക്കലും കഴിഞ്ഞു അവസാനം അച്ചനാട് ആഗ്രഹം പോലെ മോൾ വീടിനടുത്തുള്ള കലയാലയത്തിൽ കമ്പ്യൂട്ടർ സയൻസ് നു ചേരുന്നു. ബാക്കി എന്താകും എന്ന് വരുംകാലങ്ങളിൽ അറിയാം. 

മോളെ സ്കൂളിൽ ചേർത്തപ്പോൾ ,2023 ൽ സ്കൂൾ വിദ്യാഭ്യാസം കഴിയും എന്ന് കണക്കു കൂടിയിരുന്നു. ഇന്നിപ്പോൾ 2023 മെയ് മാസത്തിൽ അവൾ സ്കൂൾ കാലഘട്ടം അവസാനിപ്പിച്ച് പുതിയ മേച്ചിൽ പുറങ്ങളിലേക്കു പോകുന്നു. അവളെ വിട്ടകന്നുള്ള ഒരു ദിവസം പോലും എന്റെ ചിന്തയിൽ വരുന്നില്ല. കരക്ക്‌ പിടിച്ചിട്ട മീനിന്റെ അവസ്ഥ ആകും. വേറെ ഒരു രീതിയിൽ ചിന്തിച്ചാൽ, അവർക്കും അവരുടെ ജീവിതം കണ്ടെത്തേണ്ട , അവരെ പിടിച്ചു വെച്ചിട്ടു കാര്യമില്ല. ഇന്നത്തെ സമൂഹം എൻജിങ്കെ അവരെ സ്വീകരിക്കുമെന്നു അവർ എങ്ങിനെ അവിടെ അതിജീവിക്കുമെന്നോ പറയാൻ പറ്റുന്നില്ല. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ ഇല്ല.


 

2022, ജനുവരി 9, ഞായറാഴ്‌ച

കുഞ്ചര പഞ്ചുകം

എന്തെഴുതണം എന്നറിയാതെ ഇങ്ങനെ ഒഴിഞ്ഞ മനസും ആയി ഓടാൻ തുടങ്ങിയിട്ട് കുറച്ചു നാളായി . എന്നും രാവിലെ എണീക്കുന്നത് എന്തേലും കുത്തിക്കുറിക്കണം എന്ന ആഗ്രഹത്തിൽ ആണ്. എന്നാലും മൂല സ്ഥയായി ഭാവം മടി ആയതിനാൽ ഒന്നും നടക്കാറില്ല.   

മറ്റുള്ളവരുടെ എഴുത്തു കുത്തുകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന കഞ്ചരകുഞ്ചുകം എന്നെ പുളകിതയ്ക്കാറുണ്ട്. എന്താ ചെയ്യുക. ഈ മടി ഇങ്ങനെ ഒരു മൂടിക്കെട്ടിയ അവസ്ഥയിലൂടെ എന്നെ നയിച്ചുകൊണ്ടേ  ഇരിക്കുന്നു.  ഇതിനു മരുന്നൊന്നും ഇല്ല. കോവിഡിനെ പോലെ. ടെസ്റ്റ് ചെയ്തു കോവിഡ് ആണെന്ന് കണ്ടാൽ പിന്നെ ഒരു മരുന്നും ഇല്ല സ്വയം ചികിത്സാ . വിറ്റാമിന് സിയും ഡിയും ആസ്പിരിനും അടങ്ങിയവ മാത്രം. 

അപ്പോൾ പറഞ്ഞു വന്നത് കുറച്ചു നല്ല  കൂട്ടുകാർ  ഉള്ളതുകൊണ്ട് അവരുടെ പ്രേരണയാൽ ഇതിനെ വീണ്ടും തട്ടി പൊക്കി പൊടി കളയാൻ ഞാൻ ശ്രമിക്കുകയാണ്. എത്രത്തോളം വിജയിക്കും എന്നറിയില്ല. ഇവിടെ എന്റെ കഴിഞ്ഞ കാല കൃതികൾ നോക്കിയാൽ മനസിലാകും എന്റെ മടിയുടെ ശോചനീയാവസ്ഥ . 

എന്തൊക്കയോ കാട്ടിക്കൂട്ടാനുള്ള ഒരു മനോ ബലം എവിടുന്നോ കിട്ടിയിട്ടുണ്ട്. ഒരു എനർജി ഡ്രിങ്ക് കുടിച്ച അവസ്ഥ. അതിന്റെ എനര്ജി എത്ര ഉണ്ട് എന്ന് ടെസ്റ്റ് ചെയ്തു നോക്കാം. ഇതിലൂടെ. ഒരു ബൂസ്റ്റർ ഡോസ് വേണ്ടി വരുമോ എന്നൊന്നും അറിയില്ല. വർഷങ്ങളായി ഉള്ള എന്റെ ഓട്ടം ഒരുനാൾ നിലക്കുമോ അതോ എത്രനാൾ കൂടി ഈ മാരത്തോൺ ഓട്ടം വേണ്ടി വരും എന്നൊന്നും അറിയില്ല. അവസാനം എല്ലാം കൂടി തോട്ടിലേക്ക് വലിച്ചെറിഞ്ഞാൽ എന്താ എന്നും ഉള്ള തോന്നൽ ഉണ്ട് . എല്ലാം ഒരു തോന്നലിന്റെ പുറത്താണ് ഓടുന്നത്. 

ജീവിതത്തിൽ ഒന്നും ഒറ്റയ്ക്ക് ഇതുവരെ ചെയ്‌തിട്ടില്ല. ചെയ്യാൻ ഉള്ള കഴിവ് ഉണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ തോന്നും ആരുടേയും സഹായമില്ലാതെ എല്ലാം ചെയ്യാൻ പറ്റും എന്ന്. ഇതിലപ്പോൾ ആ ചിന്ത ആസ്ഥാനത്താക്കിക്കൊണ്ടു വീണ്ടും എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. അതിനെ ഒരു കഴിവില്ലായ്മയായി കരുതാമോ എന്നറിയില്ല. 

എന്റെ ജീവിതം കൊണ്ട് പഠിച്ച ഒരുകാര്യം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. ഒന്നിനും കഴിവില്ലാതെ ഒരു പെണ്ണായി പോയി എന്ന് ചിന്തിച്ച അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോളെക്കെ എന്റെ മനസും അതേപോലെ കീഴോട്ട് തന്നെ ചിന്തിച്ചിരുന്നു. എന്നെ എന്തിനാണ് ഇങ്ങനെ ഒരു കഴിവും താരതെ ജനിപ്പിച്ചത് എന്ന്. പിന്നെയും ചിന്തിച്ചു എല്ലാവര്ക്കും എന്തേലും ജീവിത ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കാണും അതായിരിയ്ക്കും എന്റെയും ജനന ലക്‌ഷ്യം എന്ന്. അങ്ങിനെ ജീവിതം പോയി. പഠന സമയത് തെറ്റില്ലാതെ തട്ടിയും മുട്ടിയും ഓരോ പടവുകളും കയറിയപ്പോൾ ഞാനും മറ്റുള്ളവരും ഹാപ്പി. പക്ഷെ ഒരു നേർവഴി കാണിക്കാൻ ആളില്ലാതെഎന്തെലും ഒക്കെ ചെയ്തു വീണ്ടും ജീവിതം മുന്നോട്ടു പോയി. അന്ന് ഒക്കെ കരുതിയിരുന്നത്, പെണ്ണല്ലേ എവിടേലും ആരേലും കല്യാണം കഴിച്ചോളും. എന്നിട്ടു ജീവിതം  സുഖമായി മുന്നോട്ടു പോകും. ജോലി കിട്ടിയിട്ട് ലീവ് എടുക്കാം എന്ന് പറയുന്നപോലെ. അങ്ങിനെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ ഒഴുകി . കോളേജ് ജീവിതവും സ്കൂൾ ജീവിതവും ഒരു അല്ലലും ഇല്ലാതെ മുന്നോട്ടു പോയി. അവിടെയും ജീവിതം ഒരു നിറമില്ലാത്ത പോയി . 

പിന്നീട് പഠനം ഒരു വഴിക്കായി പിരിഞ്ഞുപോയി. എന്തൊക്കയോ പഠിച്ചു. ജീവിതത്തിൽ ഉപയോഗപ്പെടും എന്ന് ചിന്ത ഇല്ലാതെ. കല്യാണം കഴിഞ്ഞു കമ്പ്യൂട്ടർ എഞ്ചിനീയർ .അവരുടെ സ്വാപ്ന നാടായ അമേരിക്കയിലേക്ക് ചേക്കേറി. കുറെആയി . വീട്ടിൽ ചൊരിയും കുത്തി ഇരുന്നു. ഒന്നിനും കൊള്ളില്ല എന്ന തോന്നൽ വീണ്ടും തല പൊക്കാൻ തുടങ്ങി. വീട്ടിൽ നിന്നും ഉള്ള ഞെക്കൽ വേറെ. ഇത്രയും പഠിച്ചിട്ടു വെറുതെ ഇരിക്കുന്നു എന്ന അവരുടെ സങ്കടം. മറ്റു ചിലർക്ക് എന്നെ കൊണ്ട് ഒന്നിനും കഴിവില്ലാത്തവൾ എന്ന ചിന്ത വേറെ. നാട്ടുകാർ പലവിധം. കുറെ ഏറെ പറച്ചിലുകൾക്കു മുന്നിൽ ചെവി കൊടുത്തില്ല. കല്യാണത്തിന് മുന്നേ ഞങൾ തമ്മിൽ ഉണ്ടായിരുന്ന ഉടമ്പടി പ്രകാരം എനിക്ക് ജോലിക്കു പോകേണ്ട എന്ന് തന്നെ ആയിരുന്നു. അങ്ങിനെ ഒരു പന്ത്രണ്ടു വര്ഷം വെറുതെ കളഞ്ഞു. 

അമേരിക്കയിൽ എല്ലാവരും സ്വയം പര്യാപ്തത നേടിയവർ ആണല്ലോ. വണ്ടി ഓടിക്കാനുള്ള ലൈസൻസ് ഉണ്ട് എങ്കിലും അത് വെറുമൊരു സ്റ്റേറ്റ് ഐ ഡി  ആയി ഉപയോഗിക്കാൻ ആയിരുന്നു ജങ്ങൾക്കിഷ്ടം. മോൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ പതുക്കെ അദ്ദേഹം മോളെ കൊണ്ടുവിടാനും വിളിച്ചുകൊണ്ടു വരാനും പറഞ്ഞു തുടങ്ങി. ഇവിടെ വണ്ടി ഓടിച്ചിട്ടില്ലാത്ത ഞാൻ എന്ത് ചെയ്യാൻ. അങ്ങിനെ എന്തിനും ഏതിനും ഭർത്താവിനെ ആശ്രയിക്കുന്നഎനിക്ക്  പതിയെ വീണ്ടും ഒരു ഭയം വന്നു തുടങ്ങി. എങ്ങിനെ അത് പറഞ്ഞു മനസിലാക്കും എന്നറിയില്ല. കുഞ്ഞിന് സ്കൂൾ ഓരോന്നും കയറിപോകുമ്പോൾ അവൾക് കരുതി തുടങ്ങി അമ്മക്ക്  ഒന്നിനും തനിയെ ചെയ്യാനുള്ള കഴിവില്ല. അവളുടെ കാര്യങ്ങൾ എല്ലാം അച്ഛനോട് പർണജൂ തുടങ്ങി. എന്നോട് പറഞ്ഞാലും ഒന്നും നടക്കില്ലല്ലോ . പിന്നെ മോൻ ഉണ്ടായി. ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമങ്ങൾ നടത്തി അതിൽ പലതവണ പരാജയം അറിഞ്ഞു. അതല്ല അതിനുള്ള വഴി എന്ന് പറഞ്ഞു തിരുത്തി .

ആ സമയത്തു എങ്ങിനെയും ഒരു ജോലി കണ്ടെത്തണം എന്നൊരു വാശിയായി . ഒരു കമ്പ്യൂട്ടർ കോഴ്സ് നു ഓൺലൈൻ ആയി എടുത്തു. അവിടെയും എതിർപ്പുകൾ വന്നു. കമ്പ്യൂട്ടർ എന്താ എന്ന് അറിഞ്ഞുകൂടാത്ത ഞാൻ എങ്ങിനെ ചെയ്യാനാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് അറിഞ്ഞുകൂടാ. അങ്ങിനെ ഒരു വര്ഷം ഓൺലൈൻ ആയി കോഴ്സ് കമ്പ്ലീറ്റ് ചെയ്തു. നല്ലൊരു റെസ്യുമെ ഉണ്ടാക്കി. പതിയെ ജോലികൾക്കു അപ്ലൈ ചെയ്തു തുടങ്ങി. പ്രവർത്തി പരിചയക്കുറവും ഭാഷാ പ്രശ്നവും കാടുകട്ടികയി എന്നെ തഴഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും മുടങ്ങാതെ ജോലിക്കുവേണ്ടി അപ്ലൈ ചെയ്തു. ഇന്റർവ്യൂ അറ്റൻഡ് ചെയ്തും കൊണ്ടിരുന്നു.റിജക്ഷന്  തന്നെ എല്ലായിടത്തും നിന്നും. 

അവസാനം ഒരിടത്തു കയറി പറ്റി .അന്നേരവും പിന്തിരിപ്പൻ കമന്റ്കൾ വന്നു കൊണ്ടേ  ഇരുന്നു. വലയ കമ്പനികളിൽ ജോലിക്കു കയറിയാൽ ചിലപ്പോൾ ആദ്യത്തെ ദിവസം തന്ന്നെ പറഞ്ഞുവിടാൻ ചാൻസ് ഉണ്ട്. അങ്ങിനെ അങ്ങിനെ. ദൈവത്തിന്റെ സഹായം കൊണ്ട് അങ്ങിനെ ഒന്നും ഉണ്ടായില്ല. കിട്ടുന്ന ശമ്പളം കുറായിരുന്നു ആദ്യത്തെ ജോലിക്ക് . പണി ആണേൽ നല്ല പോലെയും. നല്ലപോലെ അധാനിച് പഠിച്ചെടുത്തു കാര്യങ്ങൾ. വർത്തമാനം പറയാൻ വരെ വിമുഖയായിരുന്ന ഞാൻ അതിനും ഒരു പരിധി വരെ വിജയിച്ചു. 

ഭർത്താവും കുട്ടികളും എന്റെ കൂടെ എന്നെ സഹായിച്ചു ഇങ്ങനെ ഇന്നിവിടെ വരെ എത്തി ചേരുന്നു. എല്ലാവരും അവരുടെ ക്രമങ്ങൾ എന്തെതും ആയി ക്രമപ്പെടുത്തി. ആറുവരും സപ്പോർട്ട്കട്ടക്ക് ഉണ്ടായിരുന്നു. ഇന്നിപ്പോൾ എല്ലാവരും ഹാപ്പി. ഞാനും ഹാപ്പി. 

ഇത്രയും പറഞ്ഞത് എന്തെന്ന് വെച്ചാൽ തളരാൻ തുടങ്ങിയാൽ അതിനെ നേരം കാണു. ഇതാണ് എന്റെ ഇന്നുവരെ ഉള്ള കാര്യങ്ങൾ. എല്ലാവരും അവരുടേതായ ലോകത്തു ജീവിച്ചു കൊണ്ടിരിക്കുന്നു. 

പ്രതികളും പരിഭവങ്ങളും ഒരു വഴിക്കു അങ്ങ് പോകും.ചിലതിനെ  കണ്ടില്ല എന്ന് വെക്കുക.  ഒഴിവാക്കാൻ പറ്റാത്തതിനെ മനസിലാക്കി ഉത്തരം കണ്ടെത്തുക. 

ഇതിനു വേണ്ടി ഇന്നും കൂടെ നിൽക്കുന്നവർ എന്റെ ചങ്കാണ് കരളാണ് .അവരെ എനിക്കൊരിക്കലും വിട്ടുകളയാൻ പറ്റാത്തവർ ആണ്. 

എല്ലാ ജീവിതത്തിനും ഓരോ വഴികൾ താണ്ടതായിട്ടുണ്ട് അതിലൂടെ കടന്നു പോവുക. കടമ്പകൾ കടക്കുക. 

2022, ജനുവരി 6, വ്യാഴാഴ്‌ച

ദീപം മണിദീപം

 ഈ പാട്ടു കേൾക്കുമ്പോൾ എന്തുകൊണ്ടോ ഒരു മാനസിക ഉന്മേഷം ഉണ്ടാകാറുണ്ട്. പാട്ടിന്റെ മേന്മയാണോ അതോ അഭിനേതാക്കളുടെ കഴിവാണോ എന്നൊന്നും ചിന്തിക്കുന്നില്ല. മോഹൻ ലാലും, മമ്മൂട്ടി യും ശോഭനയും ചേർന്ന ഒരു  ത്രികോണ രൂപം. 

എത്ര കേട്ടാലും എപ്പോൾ കേട്ടാലും മടുക്കില്ലാത്ത ഒരു ഗാനം.


നാട്ടിൻ പുറത്തെ സന്ധ്യാ സമയത്തുള്ള  ദീപം കൊളുത്തി അതിനെ പുറത്തുള്ള തുളസിത്തറയിലും കാവിലും വിളക്കു വെക്കുന്ന കാഴ്ച .ഇന്നിപ്പോൾ അത് അപൂർവങ്ങളിൽ അപൂർവമായ ഒരു നേർ കാഴ്ചയാണിതിലൂടെ മനസിലേക്ക് ഓടി എത്തുന്നത് 

ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നുപോയ സന്ധ്യ പ്രാത്ഥന അതും കുടംബത്തുള്ള എല്ലാവരും ചേർന്നിരുന്നുള്ളത്. ആഹാ ഇതൊക്കെ ഇനി ഇങ്ങനെ ഉള്ള പഴയ ചലച്ചിത്രങ്ങളിൽ കൂടി മാത്രം കാണാനാണ് കഴിയുക.


ദീപം മണിദീപം പൊൻ ദീപം തിരുദീപം

ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം

ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം

ശ്രീകൃഷ്ണ തുളസിക്കും തൃത്താവിനും ദീപം

(ദീപം...)


ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം

തറവാട്ടു ചരതാക്കൾക്കും ഫണിരാജനും ദീപം

നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും

തിരുനാമപ്പുരി വാഴും ഹൃകൃഷ്ണനു ദീപം


കൈ കൂപ്പി കണികാണാൻ കനകത്തിരി ദീപം

പൊന്നമ്പല നടയെന്നും കണികാണാൻ ദീപം

ഈരേഴു പതിനാലു പാരിൽ ഒളി വീശാൻ

ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം

(ദീപം.

2021, ഡിസംബർ 20, തിങ്കളാഴ്‌ച

ഓർമ്മകൾക്കുറക്കമില്ല

അങ്ങിനെ ഒരു തിരുവാതിരയും കൂടി കടന്നു പോകുന്നു. ഇവിടെ ഇരുന്നു കൊണ്ട് മുഖപുസ്‌തകത്തിലൂടെ എവിടെയോ നടക്കുന്ന തിരുവാതിര ചടങ്ങുകളും പാതിരാ പൂചൂടലും  കണ്ടു മനസിനെ തൃപ്തി പെടുത്തുന്നു. എന്തുകൊണ്ടും ഇന്നത്തെ ദിവസം ഒരു കാർമേഘ പടലമായി തീരുന്നു. 

എല്ലാവരെയും പോലെ എനിക്കും ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ട്. അതിൽ ചിലത് ദൈവാനുഗ്രഹത്താൽ നടന്നു . ചിലത് ഈ  ജീവിതത്തിൽ നടക്കുമോ എന്നറിയില്ല. എന്നാലും അതിനു വേണ്ടി പരിശ്രമം നടത്തിക്കൊണ്ട ഇരിക്കുന്നു. അതിൽ ഒരു പരിശ്രമം പാഴായി പോയ ഒരു ദിവസമാണിന്ന്. അതിനുവേണ്ടി നാളുകളായി കാത്തിരുന്ന ദിവസം. അവസാനം അതും പാഴായി പോയി. അതിന്റെ ഒരു വിഷമത്തിലൂടെ ഇങ്ങനെ പോകുന്നു. ജീവൻ മരണ പോരാട്ടം ഒന്നും അല്ല എങ്കിലും അത് നഷ്ടപ്പെട്ടതിന്റെ ഒരു വൈക്ലഭ്യം എന്ന് പറയാം. 

കുട്ടിക്കാലത്തു വീട്ടിൽ ധനുമാസ തിരുവാതിര നാളിൽ അമ്മൂമ്മയും അമ്മയും കൂടി രാവിലെ മുതൽ പുഴുക്കിന് വേണ്ടി ഉള്ള ഒരുക്കത്തിലായിരിക്കും. അന്നൊന്നും ഇതിന്റെ പ്രത്യേകതകൾ  ഒന്നും അറിയില്ലായിരുന്നു.  വീടിന്റെ പിന്നാമ്പുറത്തുള്ള സ്ഥലത്തു അപ്പൂപ്പന്റെ കൃഷിയിടത്തു നിന്നുമുള്ള കാച്ചിലും ചേനയും നനകിഴങ്ങും ചെറു കിഴങ്ങും ഏത്തക്കായും കൂർക്കയും ചേമ്പും കൂടെ വൻപയർ വേവിച്ചതും  ചേർന്നുള്ള പുഴുക്ക്.  കഷ്ണങ്ങൾ എല്ലാം അറിയഞ്ഞു വരുമ്പോളേക്കും ചിറ്റയും കൊച്ചച്ഛനും കൂടി ചേരും. ഉച്ച ആകുമ്പോൾ എല്ലാവരും കൂടെ ഉച്ചക്ക് അതും കഴിച്ചിരുന്നു .


പിന്നെ ഉള്ള ഓർമ്മ , ക്രിസ്തുമസ് അവധിയും തിരുവാതിരയും  നാല്പത്തി ഒന്നും കൂടി വരുന്ന സമയത്തു ഞാനും ചേച്ചിയും കൂടെ കൊച്ചച്ഛൻറെ വീട്ടിൽ പോകും. അവിടെ ഈ ആഘോഷങ്ങൾ എല്ലാം നല്ല പൊടി പൂരമായി നടത്തുന്ന സ്ഥലമാണ്. തിരുവാതിര നോയമ്പ് തുടങ്ങുന്നത് രേവതി മുതലാണ്. അന്നുമുതൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും മകയിരവും തിരുവാതിരയും എന്തയാലും ആഘോഷമാക്കും. അവിടുത്തെ ചുറ്റുപാടുമുള്ള സ്ത്രീജനങ്ങൾ ഓരോ ദിവസവും ഓരോ വീടുകളിൽ കൂടി വൈകിട്ടത്തെ ചടങ്ങുകൾ നടത്തി പോരും. അവസാനം രണ്ടു ദിവസം അതായത് മകയിര്യം തിരുവാതിര ദിവസങ്ങൾ ആണ് കേമം. 


മകയിര്യം നാൾ സന്ധകഴിയുമ്പോൾ പെണ്ണുങ്ങളും കുട്ടികളും ചേരുന്നു ഒരു സ്ഥലത്തു കൂടും . എട്ടങ്ങാടി ചുടാനുള്ള പരിപാടികൾ തുടങ്ങും. ചുടുക എന്ന് പറഞ്ഞാൽ എല്ലാ സാധനങ്ങളും  ചുട്ടെടുക്കില്ല . ചിലവ  മാത്രം. കാച്ചിൽ, ഏത്തക്കായ,  കിഴങ്ങ് എന്നിവ ചൂട് തീക്കനലിൽ ചുട്ടെടുത്തു മാറ്റി വെക്കുക. ചേന, ചേമ്പ് , കൂർക്ക എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വേവിച്ചു മാറ്റുക. 

തുടർന്ന് മുതിര ,  വൻപയർ , എള്ള് , ചെറുപയർപരിപ്പ് എന്നിവ  വറുത്തെടുക്കും വേറെ വേറെ വറുത്തെടുക്കുക (വൻപയറിനു  വറവ് കൂടുതലാണ്). പിന്നീട് ശർക്കര പാവുകാച്ചി  ചുട്ടെടുത്ത സാധനങ്ങളും( തൊലി കളഞ്ഞതിനു ശേഷം ചെറുതായി കഷ്ണങ്ങൾ ആക്കി ) വറുത്തസാധനങ്ങളും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശർക്കര പാവ് കട്ടിയാകാൻ തുടങ്ങുന്നതിനു എല്ലാം കൂടി ചേർത്തി യോജിപ്പിക്കണം .ഇതിലേക്ക് നേത്രപ്പഴവും കരിക്കിന്റെ യും കരിമ്പിന്റെയും ചെറിയ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു യോജിപ്പിച്ചെടുക്കണം. 

ഇത് മികയിര്യം നാളിൽ സുമംഗലികളായ സ്ത്രീകൾ ശിവന് നേദിച്ചതിനു ശേഷം കഴിക്കും. കന്യകൾ നേദിക്കാതെയും കാഴ്ഴിക്കും എന്നാണ് പാരമ്പരഗതമായുള്ള ചടങ്ങ് . തുടർന്ന് വീടും എല്ലാവരും കൂടെ തിരുവാതിര കളിച്ചു അന്നത്തെ ചടങ്ങുകൾ അവസാനിപ്പിക്കും.

പിറ്റേന്നാണ്‌ തിരുവാതിര . പൂത്തിരുവാതിര .

രാവിലെ തുടിച്ചുകുളിച്ചു ക്ഷേത്ര ദർശനവും കഴിഞ്ഞു രാവിലത്തേക്കുള്ള കൂവ കാച്ചിയതും കഴിച്ചു കഴിഞ്ഞു തിരുവാതിര പുഴുക്കിനുള്ള ഒരുക്കങ്ങളായി. അതും കഴിച്ചു വൈകുന്നേരം ആകുമ്പോൾ തരുണീമണികൾ സുന്ദരികളായി മുറുക്കി ചുവപ്പിച്ചു വിളക്കിനു ചുറ്റും തിരുവാതിര ചുവടുകൾ വെക്കാൻ തുടങ്ങും. അരിപ്പൊടി കലക്കി അമ്മിക്കല്ലിനെ അലങ്കരിച്ചു അർദ്ധനാരീശ്വര സങ്കല്പത്തിൽ വിളക്കിനെ ഗണപതിയായി സങ്കൽപ്പിച്ചു കൊണ്ട് ചടങ്ങുകൾ തുടങ്ങുകയായി. സുമംഗലികളും കന്യകമാരും ഈ ചടങ്ങിനെ തുടർന്ന് തിരുവാതിര കളിച്ചു തുടങ്ങും. മറ്റു ചിലർ ദശപുഷ്പങ്ങൾ ഒരുക്കുന്ന തിരക്കിലാകും. ആർപ്പുവിളികളുടെയും കുരവയിടലിന്റെയും സാന്നിധ്യത്തോടെ പൂത്തിരുവാതിര പെണ്ണിനെ സദസിലേൽക്കു ഇരുത്തി ഓരോ പൂവിന്റെയും പേരുകൾ പറഞ്ഞു ദീർഘ മംഗല്യത്തിനായി പൂജിക്കുന്നു. തുടർന്ന് പാതിരാ പൂച്ചൂടൽ. നേരത്തെ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് ആർപ്പുവിളികളും തീവെട്ടിയും ഹാലപ്പൊലിയും ആയി നാരീജനാണ് യാത്രയാകുന്നു. നേരത്തെ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തെത്തി പാതിരാപ്പൂ എടുത്തുകൊണ്ടു വന്നു ഓരോ പൂവിനേയും പേരുചൊല്ലി വിളിച്ചു പാട്ടും ആട്ടവും ആയി തിരുവാതിര ചടങ്ങുകൾ കൊഴുക്കുന്നു,നേരം പുലരുവോളം ചുവടുകൾ ചവിട്ടി ഉറക്കം ഒഴിച്ച്  സൂര്യോദയം ആകുമ്പോൾ ചടങ്ങുകൾ അവസാനിപ്പിക്കും. സ്ത്രീകൾക്കു മാത്രമായുള്ള ഒരു ദിവസം.  

ഒരിക്കലും  മനം മടുക്കാത്ത ഒരു അയവിറക്കൽ. 

തിരുവാതിരയും പുഴുക്കും ഒന്നും ഇല്ലാതെ ഈ വർഷത്തെ തിരുവാതിരയും  ഇന്ന് കഴിഞ്ഞു. അങ്ങിനെ അയവിറക്കാൻ നടത്തികൊണ്ടിരുന്നപ്പോളാണ് നമ്മുടെ അടുത്ത നൊസ്റ്റാൾജിയ. വേണുഗോപാൽ ആലപിച്ച അച്ഛനിരുന്നൊരു ചാരുകസേരയിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനം എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു . എന്തുകൊണ്ടോ എന്റെ മനസ് ഒന്നുകൂടെ നാട്ടിലേക്കും അച്ഛന്റെ എടുത്തേക്കും ഒന്ന് ഓട്ട  പ്രദക്ഷിണം നടത്തി. 

മനസിന്റെ ആഗ്രഹങ്ങൾ ഇങ്ങനെ ചിറകു വിരിച്ചു വിഹായസ്സിൽ പറക്കുമ്പോൾ അതിനെ തടയാൻ ഞാൻ ആര്? അതിങ്ങനെ പറക്കട്ടെ ഇഷ്ട്ടം പോലെ. 

വരികൾ പറഞ്ഞതുപോലെ (courtsey ഗൂഗിൾ)

ചുറ്റിലും  കാണുമി  കാഴ്ചയിലെൻ മനം 
പുറകോട്ടു  മെല്ലെ  പറന്നു  പോയി 
മുറ്റം  നിറഞ്ഞു  കളിച്ചു  നടന്നൊരെൻ 
കൊച്ചു  ബാല്യത്തിന്റെ  പക്കലേയ്ക്കായി








2020, ഡിസംബർ 7, തിങ്കളാഴ്‌ച

ഒരു കോവിഡ് ചിന്ത - എന്റെ അവലോകനം

പുതിയ ജോലിക്കു കയറിയിട്ട് വര്ഷം രണ്ടു കഴിഞ്ഞു എങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരങ്ങൾ അങ്ങിനെ ഇല്ലായിരുന്നു. ഭർത്താവു വീട്ടിലരുന്നു ജോലി ചെയുമ്പോൾ ഞാൻ രാവിലെ ഏഴര ആകുമ്പോൾ ഇറങ്ങും തിരികെ വരുന്നത് ചിലപ്പോൾ ആറര ഏഴ്. കുട്ടികൾ സ്കൂളിൽ നിന്നും മൂന്നിനും നാലിനും ഇടയിൽ എത്തും. ഭർത്താവു വീട്ടിൽ ഉള്ളതുകാരണം കുട്ടികളെ വേറെ എങ്ങും നോക്കാൻ വിടേണ്ട എന്ന ഒരു ഗുണം ഉണ്ട്. എന്നാലും എനിക്ക് മനസിന് ഒരു പശ്ചാത്താപം ഉണ്ടകാറുണ്ട് ഇടയ്ക്കിടയ്ക്ക്. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാൻ പറ്റുമോ മാനേജരമ്മ യോട് എന്നും ചോദിക്കും. അവർക്കു അങ്ങ് സമ്മതിക്കുവാൻ വലിയ ബുദ്ധിമുട്ടാണ്. അങ്ങിനെ ഇരുന്നപ്പോളാണ് ഈ കോവിഡ് ഒരു മഹാമാരിയായി വന്നു ഭവിച്ചത്. 

മാർച്ചു മുതൽ വർക്ക് ഫ്രം ഹോം എന്ന മഹാ അതഭുതം സംഭവിച്ചു. ഒരു കണക്കിന് പറഞ്ഞാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം.എന്നൊരു സൗകര്യം ഉണ്ടയി.ആദ്യം ആദ്യം അത് നല്ലപോലെ ആസ്വദിച്ചു.വെളുപ്പിന് എണീറ്റ് ആഹാരം ഉണ്ടാക്കേണ്ട. എട്ടു മണിക്ക് ലോഗിൻ ചെയ്താൽ മതി. രാവിലെ കുളിക്കേണ്ട ഇപ്പോളെക്കും എന്തേലും ഉണ്ടാക്കിയാൽ മതി ഇങ്ങനെ നീളുന്നു ആഗ്രഹങ്ങൾ. ആദ്യം പറഞ്ഞു ഒരു ദിവസം വീട്ടിൽ ഇരുന്നു വർക്ക് ചെയ്തോളു എന്നിട്ട് നിങളുടെ റിമോട്ട് അക്സസ്സ് എല്ലാം ഓക്കേ ആണോ എന്ന് നോക്ക്. എന്നിട്ടു എന്തേലും കുഴപ്പം ഉണ്ടേൽ നമുക്കു ശരിയാക്കാം . ഓരോരുത്തരായി ഇങ്ങനെ വിളിച്ചു അന്വേഷിച്ചു. എന ഇഷ്യൂ കണക്റ്റിംഗ്  ഫ്രം ഹോം?  നോ ഇഷ്യൂ. അങ്ങിനെ ഓർഡർ വന്നു ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതു വരെ അങ്ങോട്ട് ചെല്ലുകയെ വേണ്ട എന്ന്. ഞാൻ അകെ തകർന്നു പോയി എന്ന് പറയാം. എന്റെ മേശമേൽ പടർന്നു പന്തലിച്ചു കയറിയ ഒരു മണി ചെടിയും ഒരു മുള ചെടിയും. അവരെ അവിടെ ഒറ്റയ്ക്ക് ഇട്ടു പോരാൻ എനിക്ക് മാനമുണ്ടായില്ല. എല്ലാവരോടും കരഞ്ഞു പേക്ഷിച്ചു ഒരു പത്തു മിനിറ്റിനുള്ളിൽ പോയി  എടുത്തു ഞാൻ വീട്ടിൽ വന്നോളാം എന്ന്. ആരും ചെവിക്കൊണ്ടില്ല. അതും പോരാഞ്ഞു ആ കമ്പനിയിലെ എല്ലാ ആൾക്കാരുടെയും ബാഡ്ജ് അക്‌സെസ്സും അസാധുവാക്കി . ഇനി ആരും അതിനുള്ളിൽ കയറില്ലല്ലോ.അങ്ങിനെ ആ വഴിയും അടഞ്ഞു.

എന്നും അവരെ ഓർത്തു ഞാൻ വീട്ടിൽ ഇരുന്നു വിലപിച്ചു കൊണ്ടേ ഇരുന്നു. ആദ്യം  ഒരു മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ഒരുദിവസം ഞാൻ  പാറാവുകാരുടെ മേശയിലേക്കു ഒന്നു ഫോൺ ചയ്തു ചോദിച്ചു. ഞാൻ ഈ ഫ്ലോറിൽ ഈ ക്യൂബിൽ ഇരുന്നു ജോലി ചെയ്യുന്ന ആളാണ്. എന്റെ ഒരു രണ്ടു കുഞ്ഞു ചെടികൾ ആ ഡെസ്കിൽ ഉണ്ട് വല്ലപ്പോളും നിങൾ അതിലെ റോന്തു ചുറ്റുമ്പോൾ അവർക്കു ഒരു ഇത്തിരി വെള്ളം കൊടുക്കാമോ എന്ന്. നല്ലവനായ ആ ആൾ  പറഞ്ഞു .കൊടുത്തോളം എന്ന്. അങ്ങിനെ അവിടെ ഒരു സ്വസ്തകിട്ടി. എന്നിട്ടും എല്ലാ ആഴ്ച്ചയിലും ഉള്ള ഫോൺ വിളികളിൽ നിന്നും ഇതാദ്യം ചോദിക്കുക എന്ന ഓഫീസിൽ പോകാൻ  പറ്റുക എന്നായിരുന്നു. അതിനു ഒരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോളത്തെ നിഗമനം ജൂലൈ 2021  എന്നാണ്. ചിലപ്പോൾ നീളം ചിലപ്പോൾ കുറയാം ഒന്നും പറയാൻ പറ്റില്ല. 

അപ്പോൾ പറഞ്ഞു വന്നത് ദിവാസ്വപ്നങ്ങളെ  കുറിച്ചായിരുന്നു, എങ്ങിനെ എന്നാൽ വീട്ടിൽ ഇരുന്നു ലാവിഷ് ആയി ജോലി ചെയ്യാം എന്ന്. എല്ലാം വെറും ഭ്രാന്തനെ ജല്പനങ്ങൾ പോലെ ആയി പോയി എന്ന് വേണം പറയാൻ. രാവിലെ 8 നു ജോലിക്കു കയറേണ്ട ഞാൻ ഒരു മണിക്കൂർ നേരത്തെ ലോഗിൻ ചെയ്തു തുടങ്ങി. ജോലിഭാരം കൂടിക്കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഉച്ചക്ക് കഴിക്കാൻ പോലും ഉണ്ടാക്കൻ പറ്റാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. മാഗ്ഗി നൂഡിൽസ് വീട്ടിൽ സ്റ്റോക്ക് ചെയ്തിരുന്നത് കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല. ലോക്ക് ഡൌൺ, സാധനങ്ങളുടെ ലഭ്യത കുറവുകൾ, എല്ലാം പതിയെ അവിടെയും ഇവിടെയും ഏല്ലാം ബാധിക്കാൻ തുടങ്ങി. സാധനങ്ങൾ എല്ലാം മേടിച്ചു സ്റ്റോക്ക് ചെയ്യൽ തുടങ്ങി അങ്ങിനെ നീണ്ട നീണ്ട കാര്യങ്ങൾ. കൂട്ടത്തിൽ പുറത്തു ഇറങ്ങാനുള്ള പേടിയയും . അമേരിക്ക ആയതുകൊണ്ട് വീട്ടിൽ ഇരുന്നു സാധനങ്ങൾ ഓർഡർ ചെയ്യാം . രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിൽ വരും . അങ്ങിനെ വീട്ടിലിരുന്നുള്ള ജോലിയുടെ സന്തോഷം കുറഞ്ഞു കുറഞ്ഞു വന്നു. ഓഫീസിൽ പോയാൽ കുറഞ്ഞത് ഒരു ബാത്രൂം ബ്രേക്ക് എങ്കിലും എടുക്കാൻ പറ്റുമായിരുന്നു.ഇതിപ്പോൾ ഒന്ന് മാറിയാൽ അന്നേരം ആരേലും എന്തേലും കാര്യം ചോദിച്ചോണ്ടു വരും. മടുത്തു ഒരുകണക്കിന് പറഞ്ഞാൽ. പിന്നെ അതിന്റെ മറുവശം ആലോചിക്കും എനിക്ക് ഒരു ജോലി ഉണ്ടല്ലോ എന്ന്. എത്രയയ ആൾക്കാർ ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുമ്പോൾ ഉള്ളതിനെ ഓർത്തു സങ്കടപ്പെടേണ്ട  ആവശ്യം ഇല്ലല്ലോ. ഞാൻ ചെയുന്ന ജോലിയിൽ  നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യണം എന്ന്  എനിക്ക് നിർബന്ധമുണ്ട്.അതുകൊണ്ടു വീട്ടിൽ ഉള്ളവർ പറയും എനിക്ക് കൂറ് കൂടുതൽ ജോലിയിൽ ആണെന്ന്. ഒരു തരത്തിൽ അത് ശരിതന്നെ . 

ഇനി എന്റെ ചെടിയിലേക്കു തിരികെ വരാം.  ഒരു ദിവസം ഒരു എഴുത്തു കിട്ടി ഇന്ന ദിവസം ചെന്നാൽ നിങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ നിങ്ങൾക്ക് എടുത്തു കൊണ്ട് പോരാം എന്ന്. ആദ്യം കരുതി ഇത്രയും മാസങ്ങൾ ആയി എന്റെ ചെടികൾ എല്ലാം കരിഞ്ഞുനഗി പോയിക്കാണും എന്ന്. പിന്നെ ഒരു സഹപ്രവർത്തക വിളിച്ചു പറഞ്ഞു ചെടികൾക്ക് കുറച്ചു ജീവനുണ്ട് വന്നാൽ അവരെ രക്ഷപ്പെടുത്താം എന്ന്. അങ്ങിനെ ഓടിപിടിച്ചു അവിടെ ചെന്ന് ആരെയും എടുത്തുകൊണ്ടു വീട്ടിൽ വന്നു. അവരിൽ ഒരാളെ എനിക്ക് റസ്സാഖിക്കാൻ പാട്ടി. മറ്റെയാൾ കാലപുരി പൂണ്ടു. എന്തായാലും ഇപ്പോൾ ഇത് 9 -)൦  മാസമാണ് വീട്ടിൽ ഇരിപ്പു തുടങ്ങിയിട്ട്. 

ഇനിയും മാസങ്ങൾ താണ്ടണം. ജോലി ഉണ്ടേൽ വീണ്ടും അങ്ങോട്ടേക്ക് പോകാം. ഈ സ്ഥിതി തുടർന്നാൽ എന്താകും അവസ്ഥ എന്ന് ചിന്തനീയം തന്നെ. 

:കുറച്ചിടങ്ങളിൽ ആംഗലേയ പദങ്ങൾ മന:പൂർവ്വം ഉപയോഗിച്ചിരിക്കുന്നതാണ്   

2020, ഡിസംബർ 5, ശനിയാഴ്‌ച

ഓർമ്മയുടെ പിന്നാമ്പുറങ്ങൾ

 



മറവിയുടെ അറ്റത്തുനിന്നും ഇന്നിന്റെ തിരക്കിലേക്ക് ഒഴുകുന്ന ജീവിതം.   ചില ഓർമ്മകൾ നമ്മുടെ മനസിൻറെ മുൻ നിരയിലേക്ക് ശാന്തമായി ഒഴുകി എത്തുന്നു. ശാന്തമായി ഒഴുകുന്ന പുഴപോലെ ഓർമ്മകൾ പിന്നോട്ട് പോകണോ അതോ പിന്നോട്ട് ജീവിക്കണമോ എന്നൊരു ചിന്ത ഉണ്ടാകുന്നു. 

പുറകിലോട്ടു ഒന്ന് നടന്നു നോക്കാം. ആ നടത്തതിനിടയിൽ കൈവിട്ടു പോയ ചില സുവർണ നിമിഷങ്ങളെ കൈയെത്തി പിടിക്കാൻ ഒരവസരംകൂടി കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. അതീവ സന്തോഷത്തിൽ. നഷ്ടപ്പെട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.  ഇതിൽ ലാഭ നഷ്ട കണക്കുകൾ ഒന്നുമില്ല. എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് ചില കൂട്ടുകൾ മാത്രം. ഈ  കൂട്ടിന്റെ വില  നിശ്ചയിക്കാനോ അതിന് ഒരു പേരുനൽകുവാനോ പറ്റുകയുമില്ല. അതിനൊരു പേരില്ല എന്നാണ് ചുരുക്കം.

എന്റെ കൂട്ടുകാരിൽ ചിലർക്ക് കണക്കിനോട് അമിതമായ ഭ്രമം ആയിരുന്നു. കണക്കിനെ എന്റെ കളിക്കൂട്ടുകാരനാക്കാൻ നോക്കിയിട്ടു അവൻ എന്റെ കൈയിൽ നിന്നും വഴുതി മാറി ഓടുകയായിരുന്നു. കണക്കിന്റെ കാര്യത്തിൽഞാൻ വെറുമൊരുക്കണക്കപിള്ള മാത്രമായിരുന്നു. സ്ക്കൂളില് പഠിക്കുമ്പോൾ പരീക്ഷക്ക് എങ്ങിനെയും നാല്പത്തിന് മുകളിൽമാർക്കു വേണമെന്നുള്ള ചെറിയ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതിനയായി പ്രത്യേക ട്യൂഷൻ ഒന്നും ഇല്ല.പകരം ബന്ധത്തിൽ ഉള്ള ഒരു ടീച്ചർ ( എന്റെ ഏറ്റവുംപ്രിയപെട്ട അധ്യാപിക) ശനിയും ഞായറും അവരുടെ വീട്ടിൽ ഇരുത്തി പാഠ ഭാഗങ്ങൾ വീണ്ടുംവീണ്ടും പഠിപ്പിക്കുകയും  പരീക്ഷക്ക്‌ തയാറാക്കുകയും ചെയ്തിരുന്നു.


മറ്റു ക്ലാസ്സുകളിൽ കുട്ടികളിൽ ചിലർക്കു എന്നോട് വല്ലാത്ത കുശുമ്പും ഉണ്ടായിരുന്നു ഇക്കാര്യത്തിൽ.  ക്ലാസ്സിൽ ഒരു ഉഴപ്പും കാണിക്കാതെ നല്ലകുട്ടിയായി പഠിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എല്ലാവര്ക്കും എന്നെ അറിയാം പക്ഷെ ഇനിയെല്ലാവരേയും അറിയില്ല എന്നൊരു അവസ്ഥ കൂടി ഉണ്ട് ഇതിനിടയിൽ. നല്ലപോലെ പഠിക്കുന്ന, നല്ല കൈയക്ഷരമുള്ള, മടിയുള്ളവർ, കുരുത്തക്കേട് കാണിക്കുന്നവർ അങ്ങിനെ ഉള്ളവരെ കുറിച്ച് പറയുന്ന കൂട്ടത്തിലച്ഛനുമമ്മയും ചിലരുടെ പേരുകൾ വീട്ടിൽ അതു പറയാറുണ്ട്. (അച്ഛനും അമ്മയും പഠിപ്പിച്ചിരുന്ന അതെ സ്‌കൂളിലെ ഒരു കുട്ടിയായിരുന്നു ഞാനും. പ്രത്യേക പരിഗണ പലകാര്യങ്ങൾക്കും കിട്ടിയിരുന്നു, അതേപോലെ പലകാര്യങ്ങൾക്കും പലരുടെയും നോട്ടപുള്ളിയുമായിരുന്നു). അതിൽചില പേരുകൾ എപ്പോളും മനസ്സിൽ തട്ടി നിൽക്കുമായിരുന്നു. നലകിയക്ഷരം,പഠിക്കാൻ മിടുമിടുക്കി/മിടുമിടുക്കൻ അങ്ങിനെ. അങ്ങിനെ തരക്കേടില്ലാതെ സ്കൂൾ കഴിഞ്ഞു കോളജിലേക്ക് യാത്രയായി. എല്ലാവരും അവിടയുംഇവിടയും ആയി പിരിഞ്ഞു പക്ഷെ എനിക്ക് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ   രണ്ടാളെ കിട്ടി പ്രീ ഡിഗ്രി സമയത്തും . അതിലൊരാൾ എന്റെ കൂടെ ഒന്നാംക്ലാസ്സുമുതൽ പഠിച്ചു  വന്നയാൾ. 

അവിടെയും തിരഞ്ഞെടുത്തത് കണക്കു തന്നെ. കണക്കണേൽ ഒന്നും അങ്ങൂട്ടു തലയിൽകയറാറില്ലായിരുന്നു. പ്രഡിഗ്രിക്ക് ചേർന്നപ്പോൾ പേടിസ്വാപ്നം ആയി മാറിയത് ഡിഫറൻസിയേഷനും ഇന്റർഗ്രേഷനും .അത് പഠിപ്പിക്കുന്നത് കണക്കിൽ കണിശക്കാരനുംനാവിൽ സരസ്വതിയും ആയിട്ടുള്ള ഒരു അധ്യാപകൻ.പല കുട്ടികളുടെയും തലവര തന്നെ മാറ്റി മറിച്ച  അധ്യാപകൻ. ചിലരുടെ ആരാധ്യ പുരുഷൻ. പെൺകുട്ടികളുടെ പേടിസ്വപ്നം. വായിൽ നിന്നും എന്താ വരിക എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ലായിരുന്നു ആ ക്ലാസുകളിൽ.  ചിലർ ഒന്നാം ബഞ്ചിൽ തന്നെ സ്ഥാനംപിടിക്കുമായിരുന്നു ചിലർ ക്ലാസിൽ കയറാതെ ഉഴപ്പിയടിച്ചു നടക്കും. അങ്ങിനെ അവിടെ നിന്നും ഒരാളെ കൂടെ ഞങ്ങൾ നാലുപേരുമായിരുന്നു കൂടുതൽകമ്പനി. എന്റെ ഇഷ്ടവിഷയത്തെ നമ്മുടെ രഷ്ട്ര ഭാഷ ആയിരുന്നു. ഒന്നാംബെഞ്ചിൽ ഒന്നാമതായി ഇരുന്നു അതുമുഴുവനും കാണാപ്പാഠമായി പഠിക്കും  . ഹിന്ദിയോടുള്ള അടുപ്പം അടുപ്പം സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകയുമായുള്ള എന്റെ  മാനസികമായ അടുപ്പം ആണ് എന്റെ കൂട്ടുകാരിക്ക്  ഹിന്ദിയോടുള്ള അടുപ്പം എന്നോട് ഉള്ള അടുപ്പം പോലെ ആയിരുന്നില്ല. എന്നോടുള്ള ഇഷ്ട്ടം  കൊണ്ടാണോ എന്നറിയില്ല അവളും എന്റെ കൂടെ തന്നെ ഹിന്ദിക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ചു . ആ വർഷങ്ങളിൽ പല നല്ല കൂട്ടുകളുമുണ്ടായി. പലരുമായി മിണ്ടിയിട്ട് പോലും ഇല്ല. പലരുമായി നല്ല കൂട്ടായി. അങ്ങിനെ ആ രണ്ടു വര്ഷം വേഗത്തിലങ്ങു കഴിഞ്ഞു.

ഇനി എന്തിനു ചേരണം എന്ന ആലോചനയിൽ എല്ലായിടത്തും ഡിഗ്രിക്കുള്ള അപ്ലിക്കേഷൻ കൊടുത്തു. കമ്പ്യൂട്ടർ സയൻസ് ആയിരുന്നു നോക്കിയിരുന്നത്. തല കൂടുതലായതിനാൽ എൻട്രൻസ് എന്നൊന്നുമെഴുതിയതേ ഇല്ല ആരുമതിനു നിർബന്ധിച്ചതും ഇല്ല . അങ്ങിനെ കംപ്യൂട്ടർ സയന്സിനു അഡ്മിഷൻ ലെറ്റർ വന്നപ്പോൾ അച്ഛൻ പറഞ്ഞു  ആരുംഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്ന വ്യാമോഹിക്കേണ്ട എന്ന്. അങ്ങിനെ വീണ്ടും  വീടിനടുത്ത കോളേജിൽ എത്തി. കണക്കു തന്നെ മെയിൻ വിഷയം.

കൂടെ സ്കൂളിൽ പഠിച്ചവരിൽ  ചിലരും കോളജിൽപ്രീഡിഗ്രിക്ക് ഉണ്ടായിരുന്നവരിൽ ചിലരും വേറെ കോളേജിൽ നിന്ന് വന്നവരും ചേർന്ന് കുറച്ചു പേരുണ്ടായിരുന്നു.  അവിടെനിന്നുംകിട്ടി രണ്ടു കൂട്ടുകാരെ കൂടി. അങ്ങിനെ ഞങ്ങൾ നാലുപേരിൽ നിന്നും ആറുപേരിലേക്കു സൗഹൃദം വ്യാപിച്ചു. ആദ്യം ആദ്യം എല്ലാവരും ആയി ഒന്ന് അടുത്ത് വരാൻ കുറച്ചു സമയം എടുത്തു. പിന്നെ എല്ലാം ഒരു ഓളത്തിനങ്ങു  പോയി . അവിടെയും ഒരു പേടി കൂടെ തന്നെ ഉണ്ടായിരുന്നു. ഉഴപ്പാനും ക്ലാസുകൾ കളയാനും ഒരു വിധത്തിലും പറ്റുമായിരുന്നില്ല.നാലുപാടും അച്ഛനെയും അമ്മയെയും അറിയുന്നവർ അവരുടെ കണ്ണിൽ പെട്ടാലോ എന്നോരു പേടി .കൂട്ടുകാർക്കാണേൽ എല്ലാവരെയും അറിയാം. ക്ലാസ്സിൽ ഈ അഞ്ചു പേരുടെ  അത്രയും തല ഇല്ലായിരുന്നെങ്കിലും മിക്കവാറും എല്ലാവരെയും കണ്ടു മുഖ പരിചയം ഉണ്ടായിരുന്നു.. ചിലർക്ക് നല്ലപോലെ മാർക്കുള്ളവരെയും പഠിക്കാൻ മിടുക്കരായവരുടെയും കൂടെ കൂട്ട് കൂടാൻ തപര്യംകൂടുതലായിരുന്നു.അതെ പോലെ ആയിരുന്നു എന്റെ കൂട്ട് കാരും . ക്ലാസ്സിലുണ്ടായിരുന്നവരിൽച്ചിലർ ആദ്യത്തെ രണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ വേറെ കോഴ്‌സ്കളിലും  എൻട്രൻസും കിട്ടി പോവുകയുണ്ടായി. അതിൽ ചിലർക്ക് പനല്ല വിഷമം ഉണ്ടായിരുന്നു. പോയവർക്കും എന്റെ കൂട്ടുകാർക്കും.

അങ്ങിനെ അവിടെയും തട്ടി മുട്ടി പാസായി മൂന്നു വര്ഷം കഴിഞ്ഞുപോയി. പിന്നെ ആയിരുന്നു ഓരോ കടമ്പകൾ മുന്നിൽ വന്നു പെട്ടിരുന്നത്. ചിലർ ബിരുദാന്തര  ബിരുദത്തിനു ചേർന്ന്. ഞാൻ അതിൽ ഒന്നും താത്പര്യം ഇല്ലാതെ മേഖല ഒന്നുമാറ്റി ചവിട്ടി. ഇത്തിരി അഹങ്കാരവും എന്തും ചെയ്യാമെന്ന രു തോന്നലിൽ പത്രപ്രവർത്തനത്തിനു ചേർന്നു. അവിടെയുംപോയി പൊരുതി തകർത്തു. ക്ലാസ്സിൽ ആകെ ഒരു പെൺകുട്ടി ഞാൻ ആയിരുന്നു. ബാക്കി എല്ലാം ആണുങ്ങൾ. അവരുടെ കൂടെ റിപ്പോർട്ടിങ് ,ക്ലാസ് അസ്സിഗ്ന്മേന്റ്റ് അങ്ങിനെ പുറത്തു പോകേണ്ടി വന്നു. ആദ്യമാദ്യം കുറച്ചു പേടിയും മടിയും ഉണ്ടായിരുന്നു.ക്രമേണ അതും മാറി.പിന്നെ ക്ലാസ്സിന്റെ ഭാഗമായി ഒന്ന് രണ്ടടി പത്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം ലേഖനങ്ങൾ എഴുതുവാൻ അവസരം ഉണ്ടായി. ഒരു ലേഖനത്തിനു അമ്പതു രൂപ. ആദ്യത്തെ അമ്പതു രൂപ അതിന്റെ സന്തോഷം ഒട്ടും പറഞ്ഞറിയിക്കാൻ പത്താൽ ഒന്നാണ്. പിന്നെ വര്ഷം മുഴുവൻ അങ്ങനെ തീർന്നു.
പിന്നെയും പഠിച്ചു . ജോലി ആയി .

പിന്നെ കുറെകാലങ്ങൾക്കു ശേഷം കല്യാണം ഒക്കെ കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്തു ഓർക്കുട്ട് എന്ന ഒരു സംഭവത്തിലൂടെ  പല കൂട്ടുകാരേയും തിരികെ കിട്ടാൻ തുടങ്ങി. അങ്ങിനെ ഇന്നത്തെ ഈ ജീവിതയിൽകിട്ടിയ ഒരു നല്ല കൂട്ടാണ് ഞാൻ മുൻപേ പറഞ്ഞ  വില മതിക്കാനാകാത്ത ഒരു കൂട്ട് . 

ഒരുമിച്ചു ഒരു സ്കൂളിലും ഒരു കോളേജിലും പഠിച്ചു പക്ഷെ ഒരു വാക്ക് പോലും സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. പക്ഷെ ലോകത്തിന്റെ ഏതൊരു കോണിലിരുന്ന എന്നെ കണ്ടുപിടിച്ചു. എന്നെ ഓരോ കാര്യങ്ങളിലും ഒരു കൂട്ടായി സഹായിയായി കൂടെ നിന്നു. ഇന്ന് പ്പോൾ ഞാൻ എഴുതുന്ന ഈ ബ്ലോഗ് പോലും ആ കൂട്ടിന്റെ പരിണിത ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് എന്നോട് സംസാരിച്ചു ഞാൻ കുത്തികുറിക്കുന്നതിനു കിറു കൃത്യമായി അഭിപ്രായങ്ങൾപറഞ്ഞു എന്റെ കൂടെ തന്നെ നിൽക്കുന്ന ആ സുഹൃത്തിനായി ഞാൻ ഈ പോസ്റ്റ് സമർപ്പിക്കുന്നു. എന്തിനും ഏതിനും ഒരു ഉത്തരമുള്ള ഒരു കൂട്ട് , നേരിൽ കണ്ടിട്ട് നാളുകളായി . 

കടപ്പാട് പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല. ആ കൂട്ടിനു ഞാൻ എന്റെ ജീവിതത്തിലെന്നുമെന്നുംകടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ സുഭാഗ്യങ്ങളും സന്തോഷങ്ങളും അവരെ തേടി എത്തട്ടെ എന്ന് ആശിക്കുന്നു.

2020, ജനുവരി 16, വ്യാഴാഴ്‌ച

കാലചക്രം ഒഴുകുമ്പോൾ

ഷ്ട സ്വപ്നങ്ങളെ നിങ്ങൾ എനിക്ക് വേണ്ടി ഒന്നുകൂടി പുനർജനിച്ചിരുന്നെങ്കിൽ ഇന്നിപ്പോൾ ആഗ്രഹിക്കുന്നു. കലാലയ ജീവിതത്തിൽ നഷ്ട്ടപെടുത്തിയ വിഹാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും  വലിയ ഒരു നഷ്ടമായി തോന്നുന്നു ഇന്നിപ്പോൾ. പുറകിലേക്ക് നോക്കിയാൽ ഓർത്തിരിക്കാൻ പറ്റിയ ഒരു അസുലഭ നിമിഷങ്ങളും കലാലയ ജീവിതം തന്നിട്ടില്ല.

ഒരു പാവ കണക്കെ വിദ്യാഭ്യാസ കാലഘട്ടം കഴിച്ചു കൂട്ടി. പഠനം ജോലി വിവാഹം അതല്ലാതെ നാട്ടിൻ പുറത്തുകാരിക്ക് എന്താ സ്വപ്നം കാണാൻ കഴിയുക. പഠനം എങ്ങിനെയോ ഉന്തിയും തള്ളിയും പോയി . ഒരു ക്ലാസ്സിലും തൊറ്റിട്ടില്ല . ആരുടെയോ പുണ്യം.

ഇന്നിപ്പോൾ ഇവിടെ അമേരിക്കയിൽ പതിനഞ്ചാമത്തെ വര്ഷം കടന്നുപോകുന്നു. ജീവിതത്തിൽ ഏറ്റവും മടിപിടിച്ച പത്തു വർഷങ്ങൾ . ഇപ്പോൾ ആലോചിക്കുമ്പോൾ ആ പത്തുവർഷം വെറുതെ കളഞ്ഞു എന്ന തോന്നലിൽ ഒരു കുറ്റബോധം തോന്നുന്നു.

ആ കാലയളവിൽ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ ഭർത്താവിന്റെ അനുസരണയുള്ള ഭാര്യയായി കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. അവരെ പരിപാലിച്ചു. അടിച്ചും ഇടിച്ചും വഴക്കുണ്ടാക്കിയും കഴിഞ്ഞു കൂടി. അടങ്ങി ഇരിക്കുക എന്ന സ്വഭാവത്തിൽ ഇല്ലാത്തതുകാരണം എങ്ങിനെയെങ്കിലും എന്തേലും പഠിക്കണം  എന്ന തോന്നലിൽ ഒരു കോഴ്സ് ചെയ്തു.  അതാണ് വഴിത്തിരിവായത്. കുറെ മുഖാമുഖങ്ങളിൽ പങ്കെടുത്തു. ഞാൻ  ഒരു പീപ്പിൾ പേഴ്സൺ അല്ലാത്തത് കൊണ്ട് കുറെ അധികം അവസരങ്ങൾ നഷ്ടമായി. അകെ മടുത്തിരുന്നപ്പോൾ ആണ് താമസ സ്ഥലം മാറാൻ തീരുമാനിച്ചത്. അതും അമേരിക്കയുടെ മുകളിൽ നിന്നും ഇങ്ങു താഴ്ത്തേക്കു ഒരു പറിച്ചു നടീൽ. അതൊരു തരത്തിൽ ജീവിതത്തിന്റെ വഴിത്തിരിവായി എന്ന് വേണം പറയാൻ.  നാലു ദിവസത്തെ നീണ്ട യാത്രക്കൊടുവിൽ ഇവിടെ എത്തിച്ചേർന്നു. പിന്നെയും എടുത്തു ഒന്ന് എല്ലാമായും ഒന്ന് ഒത്തു ചേർന്ന് വരാൻ , ജീവിതം പിന്നെയും പതുക്കെ ഒന്നിൽ നിന്നും തുടങ്ങി. ജോലിക്കു വീടും ശ്രമിച്ചുകൊണ്ട് ഇരുന്നു. അങ്ങിനെ അതിനും ഒരു ഉത്തരം കിട്ടി.

കമ്പ്യൂട്ടർ പഠിച്ചിട്ടില്ലാത്ത ഞാൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആയി.  പലതരത്തിലുള്ള ആളുകളെ ദിവസവും കാണാന്ന് ഓഫ്‌ഷോർ ഒൻഷോറെ സ്റ്റൈൽ ജോലി പല ആളുകളുമായി ജോലിയുടെ ഭാഗമായുള്ള വർത്തമാനം. ഇതിൽ വളരെ ചുരുക്കം ചിലർ മാതരം ഇപ്പോളും ഒരു വിളിപ്പാടകലെ ഉണ്ട് എന്നതാണ് വര്ഷങ്ങളായുള്ള ഒരു കൈ മുതൽ.

ജോലിയിൽ എല്ലാവര്ക്കും ഉള്ള പരാതി ഞാൻ ആരുമായും അധികം കൂട്ടുകൂടില്ല എന്നതാണ്. അത് എന്റെ സ്വാഭാവം ആണ്. ഒരാളെ ഇഷ്ടപെട്ടാൽ അവരെ പറിച്ചു മാറ്റാൻ  പ്രയാസമാണ് എന്നിൽ നിന്നും. ആരുമായും അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. ജോലി വീട് കുട്ടികൾ . ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നു.

മനുഷ്യ സ്വഭാവം വെച്ച് മാനസികമായി ചിലപ്പോൾ ഒരു മടുപ്പുണ്ടാകാറുണ്ട്. അതിനെ എങ്ങിനെ അതിജീവിക്കും എന്നറിയില്ല. ഇപ്പോൾ വെറുതെ സമയം കിട്ടാറില്ല. ആലാപസമയം കിട്ടിയാൽ തന്നെ മടിച്ചി കോതയായി ഇരിക്കാനാണിഷ്ട്ടം . ഇരിക്കുക അല്ല കിടക്കുക ആണ് പ്രധാനം.
എനിക്ക് കട്ട സപ്പോർട്ട് ആയി കുറച്ചു പേര് എന്റെ കൂടെ തന്നെ എന്റെ കൈ അകലെ ഉണ്ട് പക്ഷെ കാണാൻ പറ്റില്ല. പക്ഷെ അവർ എനിക്ക് ഒരു ചിന്തക്കപ്പുറം തന്നെ ഉണ്ട്.ഞാൻ അവരെ വളരെ മിസ് ചെയുന്നുണ്ട്. ആ ബന്ധങ്ങൾ  നിന്നും ഒരിക്കലും നഷ്ട്ടമാകരുതേ എന്നാണ് ഇന്നിപ്പോൾ ചിന്തിക്കുന്നത്.

ഇതിനിടയിൽ ഒരു സംഭവ ബഹുലമായ ഒരു കാര്യം നടന്നു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം  എനിക്ക് ചേച്ചിയെ പോലെ  എന്ന് കരുതി ഇരുന്ന ഒരാളെ വർഷങ്ങൾ കഴിഞ്ഞു അമേരിക്കയിൽ വെച്ച് കണ്ടു മുട്ടി എന്നതാണ്.  അതും ഒട്ടും പ്രതീക്ഷിക്കാതെ. അത് മനുഷ്യർ ആരും എന്റെ പഴയ രൂപവും ഇപ്പോളത്തെ രൂപവും വെച്ച് ഞാൻ  ആണിത്  എന്ന് മനസിലാകാതിരുന്ന ഒരു സമയം. [പ്രീഡിഗ്രി സമയം ഞാൻ വെറും ഒരു എല്ലും തോലും ആയിരുന്നു. അത് കഴിഞ്ഞു കല്യാണവും രണ്ടു പ്രസവവും എല്ലാം കഴിഞ്ഞു കട്ട ബൊമ്മി ആയിരിക്കുന്ന സമയം പതിവ് പോലെ അമ്പലത്തി ഒന്ന് പോയി. അവിടെ എത്തിയപ്പോൾ നദ അടച്ചിട്ടിക്കുന്നു. അച്ഛനും മക്കളും ആയി വർത്തമാനം പറയുന്നതിനിടയി ഒരാൾ സംശയ ദൃഷ്ടിയോടു കൂടി എന്നെനോക്കി എന്നിട്ടു ഒരു ചോദ്യം" അമ്പിളി അല്ലെ ഇത് എന്ന്?" ഞങ്ങൾ എല്ലാം അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന് പോയി. പുള്ളികാരിക്ക് എന്നെ മനസിലായി. എന്നിട്ടും എനിക്ക് ബൾബ് കത്തിയില്ല. പിന്നെ ബോധ മണ്ഡലത്തിൽ എത്തിച്ചേർന്നു ചോദിച്ചു നമ്മൾ എവിടെയാ പരിചയപ്പെട്ട എന്ന് . പിന്നെ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ഒരു പച്ച വെളിച്ചം തലയിൽ കത്തിയത്. അവർ കാലിഫോർണിയയിൽ നിന്നും ടെക്സസിൽ ഒരു സുഹൃത്തിനെ കാണാൻ വന്നു. അതിനിടയിൽ അമ്പലത്തിൽ കേറി. അവിടെവെച്ചു എന്നെയും കണ്ടു പിടിച്ചു. ഹോ  ചേച്ചി സമ്മതിക്കണം. !!!!!!!!

അതിൽ പിന്നെ എന്റെ മൂത്ത ചേച്ചിയായി എന്റെ കൂടെ എപ്പോളും പുള്ളിക്കാരി ഉണ്ട്. നല്ല ഒരു ചേച്ചിയുടെ ഉപദേശം, നല്ല കൂട്ടുകാരി , എല്ലാം കൊണ്ടും എപ്പോളും ഒരു വിളിയുടെ അകലെ ആളുണ്ട്.


പിന്നെ നഷ്ട പ്രണയം . അറിയാതെ മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന പ്രണയം അത് പൊടിതട്ടി എടുക്കുന്നു ഞാൻ ഇപ്പോൾ. എന്റെ ഓരോ ചലനങ്ങളെയും സൂക്ഷ്മമായി വിശകലം ചെയ്തു കൊണ്ട് എന്റെ കൂടെ ഉണ്ട്. അതിനെ  എന്താണ് വിളിക്കുക. പ്രണയം എന്നോ കൂട്ട് എന്നോ പറഞ്ഞു അതിനെ വികലമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാലൂം വളരെയേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ആ സൗഹൃദം.
അതിനെ താലോലിച്ചു കൊണ്ട് ജീവിതം മുന്നോട്ടു പോകട്ടെ.

ഇതൊരു മനസിന്റെ ജല്പനമായി കരുതി ക്ഷമിക്കു എല്ലാവരും.:)